വിചാരണക്കോടതി ജ‍ഡ്ജിയെ മാറ്റണം : ആവശ്യവുമായി അതിജീവിത ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി : നടിയെ ക്വട്ടേഷന്‍ പ്രകാരം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ വിചാരണക്കോടതി ജ‍ഡ്ജിയെ മാറ്റണമെന്ന് അതിജീവിത.

ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി റജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി.

കേസ് പുതിയ ജഡ്ജി കേള്‍ക്കണം, പുരുഷനായാലും പ്രശ്നമില്ലെന്ന് അതിജീവിത അപേക്ഷയില്‍ പറയുന്നു. വിചാരണ കോടതി ജ‌ഡ്‌ജിക്കെതിരെ നേരത്തെയും അതിജീവിത ആരോപണം ഉന്നയിച്ചിരുന്നു. അന്വേഷണം തടസ്സപ്പെടുത്തിയെന്നും പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണക്കോടതിയുടെ ഭാഗത്തു നിന്നുണ്ടെന്നും കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങള്‍ അതിജീവിത ഹൈക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിചാരണ പ്രത്യേക സിബിഐ കോടതിയില്‍നിന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് അതിജീവിത ഹൈക്കോടതിയില്‍ പുതിയ അപേക്ഷ നല്‍കിയത്. സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് തന്നെയാണു തുടര്‍ന്നും വിചാരണ നടത്തുക. ജഡ്ജി ഹണി എം. വര്‍ഗീസിനെ മാറ്റി നിര്‍ത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം. സിബിഐ കോടതി ജഡ്ജിയായി തിരുവനന്തപുരം അഡീഷനല്‍ ജില്ലാ ജഡ്ജി കെ.കെ. ബാലകൃഷ്ണനെ സ്ഥലം മാറ്റി നിയമിച്ചിരുന്നു. തുടര്‍ന്നു ഹണി എം. വര്‍ഗീസിനു സിബിഐ കോടതിയുടെ ചുമതല ഒഴിയേണ്ടി വന്നതിനാലാണു കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റുന്നത്.

Leave a Reply

Your email address will not be published. Required fields are marked *