ന്യൂഡല്‍ഹി : കോണ്‍ഗ്രസ് മുഖപത്രമായ നാഷനല്‍ ഹെറള്‍ഡിന്റെ ആസ്ഥാനത്ത് ഇഡി റെയ്ഡ് നടത്തിയതിനെതിരെ കോണ്‍ഗ്രസ് യോഗത്തില്‍ പൊട്ടിത്തെറിച്ച് സോണിയ ഗാന്ധി.
പാര്‍ലമെന്റില്‍ ഇന്നലെ രാവിലെ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി എംപിമാരെ അഭിസംബോധന ചെയ്യവേയാണു സോണിയ രോഷം കൊണ്ടത്. ‘നാഷനല്‍ ഹെറള്‍ഡിന്റെ പാരമ്ബര്യം നിങ്ങള്‍ക്കറിയില്ലേ? ജവാഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച പത്രമാണത്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച പത്രത്തിന്റെ ആസ്ഥാനത്താണ് ഇഡി സംഘം കയറിയത്. ബ്രിട്ടിഷുകാര്‍ പോലും ചെയ്യാത്ത പ്രവൃത്തിയാണത്. ഇതിനെതിരെ പാര്‍ലമെന്റില്‍ ശക്തമായി പ്രതികരിക്കണം’- സോണിയ പറഞ്ഞു.
നാഷനല്‍ ഹെറള്‍ഡിന്റെ ആസ്ഥാനം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച മുദ്രവച്ചിരുന്നു. തൊട്ടുപിന്നാലെ പാര്‍ട്ടി ആസ്ഥാനത്തിനും സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വസതികള്‍ സ്ഥിതി ചെയ്യുന്ന റോഡുകള്‍ക്കും മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ നിരത്തിയതോടെ ഇരുവരെയും അറസ്റ്റ് ചെയ്തേക്കുമെന്ന സൂചന പരന്നു. നേതാക്കളും പ്രവര്‍ത്തകരും ആസ്ഥാനത്തേക്കു കുതിച്ചെത്തി. രണ്ടര മണിക്കൂറിനു ശേഷം രാത്രി ഏഴരയോടെ ബാരിക്കേഡുകള്‍ നീക്കി.
കോണ്‍ഗ്രസിനെ നിശ്ശബ്ദമാക്കാന്‍ കഴിയില്ലെന്നും കേന്ദ്രത്തിന്റേതു വിനാശകാലത്തെ വിപരീത ബുദ്ധിയാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. പൊതുപണം കൊള്ളയടിക്കുന്നവര്‍ നടപടി നേരിടേണ്ടി വരുമെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.
നാഷനല്‍ ഹെറള്‍ഡ് ആസ്ഥാനം ചൊവ്വാഴ്ച റെയ്ഡ് ചെയ്ത ഇഡി സംഘം ഇന്നലെ വൈകിട്ടാണു സീല്‍ ചെയ്തത്. രാഹുലിനും സോണിയയ്ക്കും ഓഹരി അവകാശമുള്ള യങ് ഇന്ത്യന്‍ ലിമിറ്റഡ് എന്ന കമ്ബനി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പത്രത്തിന്റെ പ്രസാധകരായിരുന്ന അസോഷ്യേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ (എജെഎല്‍) ബാധ്യതകളും സ്വത്തും യങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്തതില്‍ ക്രമക്കേട് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസാണ് ഇഡി അന്വേഷിക്കുന്നത്. രേഖകളും തെളിവുകളും നഷ്ടപ്പെടാതിരിക്കാനാണു നാഷനല്‍ ഹെറള്‍ഡ് ആസ്ഥാനം മുദ്രവച്ചതെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. അതിനിടെ, വിലക്കയറ്റം. തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ രാഷ്ട്രപതിഭവനിലേക്കും പ്രധാനമന്ത്രിയുടെ വസതിയിലേക്കും നാളെ നടത്താനിരുന്ന മാര്‍ച്ചിനു പൊലീസ് അനുമതി നിഷേധിച്ചതായും കോണ്‍ഗ്രസ് അറിയിച്ചു.
