ന്യൂഡല്‍ഹി> നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നില കൂടുതല്‍ പരുങ്ങലിലേക്ക്.
നാഷണല്‍ ഹെറാള്‍ഡിന്റെ നിലവിലെ ഉടമകളായ യങ്‌ഇന്ത്യന്‍ കമ്ബനിക്ക് നിരവധി വ്യാജ കമ്ബനികളില്‍നിന്ന് ഫണ്ടുകള്‍ ലഭിച്ചതിന്റെ രേഖാപരമായ തെളിവുകള്‍ ലഭിച്ചതായി ഇഡി വൃത്തങ്ങള്‍ അവകാശപ്പെട്ടു. 2018–-19 കാലയളവുവരെ ഇത്തരത്തില്‍ അനധികൃത ഫണ്ട് വരവുണ്ട്. കൊല്‍ക്കത്തയിലെ ഡൊടെക്സ് മെര്‍ക്കന്‍ഡൈസ് എന്ന വ്യാജകമ്ബനിയില്‍നിന്ന് ഒരു കോടി രൂപ യങ്‌ഇന്ത്യന് ലഭിച്ചിരുന്നു. ഇതില്‍നിന്നുള്ള 50 ലക്ഷം രൂപ മുതല്‍മുടക്കിയാണ് നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ 100 ശതമാനം ഓഹരിയും യങ്‌ഇന്ത്യന്‍ സ്വന്തമാക്കിയത്.
യങ്‌ഇന്ത്യന്റെ 76 ശതമാനം ഓഹരിയും സോണിയയുടെയും രാഹുലിന്റെയും പേരിലാണ്. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് യങ്‌ഇന്ത്യന്‍ ഓഫീസ് അടക്കം 12 ഇടത്ത് ഇഡി റെയ്ഡ് നടത്തിയിരുന്നു. കൊല്‍ക്കത്തയിലെയും മുംബൈയിലെയും ഹവാല നടത്തിപ്പുകാരുമായി യങ്‌ഇന്ത്യന്‍ നടത്തിയിട്ടുള്ള ഇടപാടുകളുടെ തെളിവുകള്‍ റെയ്ഡില്‍ ലഭിച്ചതായാണ് ഇഡി അവകാശവാദം. റെയ്ഡില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സോണിയയെയും രാഹുലിനെയും വീണ്ടും ചോദ്യംചെയ്തേക്കും. യങ്‌ഇന്ത്യന്റെ സാമ്ബത്തിക ഇടപാടുകള്‍ പൂര്‍ണമായി നടത്തിയിരുന്നത് അന്തരിച്ച മോത്തിലാല്‍ വോറയാണെന്ന നിലപാടാണ് ചോദ്യംചെയ്യലില്‍ സോണിയയും രാഹുലും സ്വീകരിച്ചത്. ഇത് വിശ്വസനീയമല്ലെന്നാണ് ഇഡി നിലപാട്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനും ജയിലില്‍ പോകേണ്ടി വരുമെന്ന് ഹര്‍ജിക്കാരനായ സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. അയ്യായിരം കോടി രൂപയുടെ സ്വത്തുക്കളാണ് ഇടപാടിലൂടെ സോണിയയും രാഹുലും സ്വന്തമാക്കിയത്–- സ്വാമി പറഞ്ഞു.
