റിയാദ്: അപൂര്‍വ രക്തഗ്രൂപ്പുമായി കടല്‍കടന്നെത്തി റിയാദിലൊരു കുരുന്നിെന്റ ജീവന് നിലനിര്‍ത്താന്‍ ജീവരക്തം പകര്‍ന്നുനല്‍കിയ ആ നാലുപേരും റിയാദിലെ മലയാളിസമൂഹത്തിെന്റ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി സ്വദേശത്തേക്ക് തിരിച്ചു.
സ്വദേശി ബാലന്റെ ജീവന് നിലനിര്‍ത്താന്‍ വളരെ അപൂര്‍വമായ ബോംബെ ഗ്രൂപ്പ് രക്തം നല്കാന് രണ്ടാഴ്ച മുമ്ബ് നാട്ടില്‍നിന്ന് വന്ന ഷെരീഫ്, ജലീന, റഫീഖ്, ഫാറൂഖ് എന്നിവരാണ് സൗദി-ഇന്ത്യാ ബന്ധത്തിന് ചോരയുടെ പശിമ കൂടി നല്കി മടങ്ങിയത്. സൗദി ബ്ലഡ് ഡോണേഴ്സ് (ബി.ഡി.കെ) കേരള ഘടകം പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടിയും ജനറല്‍ സെക്രട്ടറി ഫസല്‍ ചാലാടുമാണ് ഈ ദൗത്യം കേരള ഘടകത്തിന്റെ പിന്തുണയോടെ ഏറ്റെടുത്ത് നടത്താന്‍ രംഗത്തിറങ്ങിയത്.
രണ്ടുവര്‍ഷത്തോളമായി സൗദി കുടുംബം ഈ അപൂര്‍വ രക്തഗ്രൂപ്പിെന്റ ദാതാക്കളെ അന്വേഷിക്കുകയായിരുന്നു. ആറു മാസം മുമ്ബ് കുടുംബത്തിന് ഫസല്‍ ചാലാടിനെ ബന്ധപ്പെടാനായതാണ് വഴിത്തിരിവായത്. പിന്നീട് എല്ലാം വളരെ വേഗമായിരുന്നു. ആവശ്യമായ നിയമനടപടികളെല്ലാം പൂര്‍ത്തീകരിച്ച് ഈ രക്തഗ്രൂപ്പുകാരായ നാലുപേരെ കണ്ടെത്തി സൗദിയിലെത്തിക്കുകയായിരുന്നു. ജലീന (മലപ്പുറം), മുഹമ്മദ് ഫാറൂഖ് (തൃശൂര്‍), മുഹമ്മദ് റഫീഖ് (ഗുരുവായൂര്‍), മുഹമ്മദ് ശരീഫ് (പെരിന്തല്‍മണ്ണ) എന്നിവരാണ് രക്തംനല്‍കാന്‍ റിയാദിലെത്തിയത്.
പ്രവാസി മലയാളി ഫൗണ്ടേഷന് ഭാരവാഹികളായ ബിനു കെ. തോമസ്, റസ്സല്‍ കമറുദ്ദീന് എന്നിവരും സഹായവുമായി മുന്‍പന്തിയിലുണ്ടായിരുന്നു. റിയാദിലെത്തി ദിവസങ്ങളോളം ഇവിടെ തങ്ങി ആശുപത്രിയില്‍ ബാലെന്റ ശസ്ത്രക്രിയാ വേളയില്‍ രക്തം നല്‍കുകയായിരുന്നു. അതിന് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ നേരമാണ് ബത്ഹയില്‍ മലയാളികള്‍ യാത്രയയപ്പ് ഒരുക്കിയത്.
അപ്പോളോ സിമോറോ ഓഡിറ്റോറിത്തില്‍ നടന്ന ചടങ്ങില്‍ ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. അമീര്‍ സുല്‍ത്താന്‍ മിലിട്ടറി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുക്കാട്, സത്താര്‍ കായംകുളം, ഷംനാദ് കരുനാഗപ്പള്ളി, വി.ജെ. നസ്രുദ്ദീന്‍, ഷിബു ഉസ്മാന്, ഉമര്‍ മുക്കം, ഷാജഹാന് ചാവക്കാട്, റാഫി പാങ്ങോട്, സിദ്ദീഖ് തൂവ്വൂര്‍, ബഷീര്‍ കരുനാഗപ്പള്ളി, വിജയന് നെയ്യാറ്റിന്‍കര, നൗഷാദ് ആലുവ, ബഷീര്‍ കനിവ്, സൈനുദ്ദീന്‍ ഉമര്‍, സലിം അര്‍ത്തിയില്‍, ഷാജി മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. ഗഫൂര്‍ കൊയിലാണ്ടി, കെ.എസ്. സൗമ്യ, ഫസല്‍ ചാലാട്, സൈനുദ്ദീന്‍ ഉമര്‍ എന്നിവര്‍ രക്തദാതാക്കള്‍ക്ക് പ്രശംസാഫലകം സമ്മാനിച്ചു. ബി.ഡി.കെയുടെ ഉപഹാരം ബിനു കെ. തോമസ്, ഷബീറിനും റസ്സല്‍ കമറുദ്ദീന്, ജലീലിനും കൈമാറി.
രക്തദാതാക്കള്‍ മക്കയില്‍ ഉംറ നിര്‍വഹിക്കാനെത്തിയപ്പോള്‍
മൂന്നു പതിറ്റാണ്ട് നീണ്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഗഫൂര്‍ കൊയിലാണ്ടിയെ പ്രവാസി മലയാളി ഫൗണ്ടേഷന് ചടങ്ങില്‍ ആദരിച്ചു. ജലീല്‍ ആലപ്പുഴ പ്രശംസാഫലകം കൈമാറി. പൊന്നാനി പ്രവാസി കൂട്ടായ്മ, റിയാദ് ടാക്കീസ് എന്നീ സംഘടനകള്‍ ഉപഹാരങ്ങള്‍ നല്കി. ഫസല്‍ ചാലാട് സ്വാഗതവും സ്വാലിഹ നന്ദിയും പറഞ്ഞു.
റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് പോയ രക്തദാതാക്കള്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ ബ്ലഡ് ഡോണേഴ്സ് കേരളയുടെ പ്രവര്‍ത്തകര്‍ സ്വീകരണം നല്കി.
