കറാച്ചി: ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനം പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിലിറക്കി. 12 യാത്രക്കാരുമായി ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് പ്രാദേശിക സമയം 12.10ന് കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കിയത്.
ചാര്‍ട്ടേഡ് വിമാനം കറാച്ചിയില്‍ ഇറങ്ങിയ വാര്‍ത്ത സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നതെന്നും രാജ്യവുമായി ഇതിന് ബന്ധമില്ലെന്നും വക്താവ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ കറാച്ചി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു. ജൂലൈ അഞ്ചിന് സ്പൈസ് ജെറ്റിന്റെ ഡല്‍ഹി-ദുബൈ വിമാനത്തിന്റെ ഫ്യൂവര്‍ മീറ്ററില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് കറാച്ചിയിലേക്ക് തിരിച്ചു വിട്ടിരുന്നു.
ജൂലൈ 17ന് ഇന്‍ഡിഗോയുടെ ഷാര്‍ജ-ഹൈദരാബാദ് വിമാനം എഞ്ചിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി കറാച്ചിയിലേക്ക് തിരിച്ചു വിട്ടിരുന്നു.
