ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി രണ്ട് ​ഗ്രനേഡ് ആക്രമണങ്ങള്‍; ഒരു പോലീസുകാരനും സാധാരണക്കാരനും പരിക്കേറ്റു

ശ്രീന​ഗര്‍: സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരില്‍ ഭീകരര്‍ നടത്തിയ ​ഗ്രനേഡ് ആക്രമണങ്ങളില്‍ ഒരു പോലീസുകാരനും ഒരു സാധാരണക്കാരനും പരിക്കേറ്റു.

ബഡ്ഗാമിലെ ഗോപാല്‍പോര ചദൂര പ്രദേശത്താണ് ഭീകരര്‍ ഒരു ​ഗ്രനേഡ് ആക്രമണം നടത്തിയത്. കരണ്‍ കുമാര്‍ സിംഗ് എന്ന സിവിലിയന് പരിക്കേറ്റു. അദ്ദേഹത്തെ ചികിത്സയ്ക്കായി ശ്രീന​ഗറിലെ ആശുപത്രിയിലേക്ക് മാറ്റി. കരണ്‍ കുമാര്‍ സിം​​ഗിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് പോലീസ് വക്താവ് വ്യക്തമാക്കി.

ഭീകരര്‍ കശ്മീരിലെ പോലീസ് കണ്‍ട്രോള്‍ റൂമിന് നേരെ നടത്തിയ ​ഗ്രനേഡ് ആക്രമണത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. പരിക്ക് ​ഗുരുതരമല്ലെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷാ സേന പ്രദേശം വളഞ്ഞിരിക്കുകയാണെന്നും പോലീസ് വക്താവ് ട്വീറ്റ് ചെയ്തു. സുരക്ഷാസേന അക്രമികളെ പിടികൂടാനുള്ള ഓപ്പറേഷന്‍ ആരംഭിച്ചു. കാശ്മീരിലെ പോലീസ് കണ്‍ട്രോള്‍ റൂമിന് നേരെയുണ്ടായ അതിക്രമം ഒരു ദിവസത്തിനിടെ കശ്മീരില്‍ നടന്ന രണ്ടാമത്തെ ഗ്രനേഡ് ആക്രമണമാണ്.

കഴിഞ്ഞ ദിവസം, ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഖൈമോ മേഖലയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചിരുന്നു. ശനിയാഴ്ച രാത്രിയാണ് ഭീകരാക്രമണം നടത്തിയത്. പൂഞ്ച് സ്വദേശിയായ താഹിര്‍ ഖാന്‍ എന്ന പോലീസുകാരനാണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി ഞായറാഴ്ച പോലീസ് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു.”ഖൈമോ കുല്‍ഗാമില്‍ ഒരു ഗ്രനേഡ് ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ ഭീകരാക്രമണത്തില്‍ താഹിര്‍ ഖാന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ചികിത്സയ്ക്കായി അദ്ദേഹത്തെ അനന്ത്നാഗിലെ ജിഎംസി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ വച്ച്‌ അദ്ദേഹം മരിച്ചു.” കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റ് ചെയ്തു.

ശനിയാഴ്ച ശ്രീനഗറില്‍ ഭീകരര്‍ നടത്തിയ മറ്റൊരു ഗ്രനേഡ് ആക്രമണത്തില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. “അലി ജാന്‍ റോഡില്‍ വച്ച്‌ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു” ശ്രീനഗര്‍ പോലീസ് ട്വീറ്റില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *