ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ബാറിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട് : സിപിഎം കുന്നങ്കാട് ബ്രാ‍ഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ബാറിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

ചന്ദ്രനഗറിലെ ബാറിലാണു പ്രധാന പ്രതി നവീന്‍ (28) ഉള്‍പ്പെടെ മൂന്നുപേര്‍ എത്തി മദ്യപിച്ച്‌ മടങ്ങിയത്. അരമണിക്കൂറിലധികം നേരമാണു ബാറില്‍ ഇവര്‍ ചെലവഴിച്ചതെന്നും ഷാജഹാന്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതിനു പിന്നാലെ നഗരം വിട്ടതായും തെളിഞ്ഞു.

രാത്രി ഒന്‍പതിനും ഒന്‍പതരയ്ക്കുമിടയിലായിരുന്നു ഷാജഹാന്റെ കൊലപാതകം. 9.50ഓടെ പ്രതികളില്‍ മൂന്നുപേര്‍ ഇരുചക്ര വാഹനത്തില്‍ ചന്ദ്രനഗറിലെ ബാറിലെത്തി.

മദ്യം ഓര്‍ഡര്‍ ചെയ്തും കൗണ്ടറിലിരുന്ന യുവാവിനോട് സംസാരിച്ചും പത്ത് മിനിറ്റ് നേരം ചെലവഴിച്ചു. മറ്റുള്ളവര്‍ക്കൊപ്പം മൂവരും കസേരയില്‍ ഇരുന്ന് മദ്യപിച്ചില്ല. പകരം ശുചിമുറിയിലേക്കുള്ള ഭാഗത്തുനിന്നാണ് മദ്യപിച്ചത്.

പിന്നാലെ ആഹാരം പാഴ്സലായി വാങ്ങി അര മണിക്കൂറിന് ശേഷം വന്ന വാഹനത്തില്‍ മടങ്ങുകയായിരുന്നു. നവീന്‍‌ പിടിയിലായതിനു പിന്നാലെയാണ് ബാറിലെത്തിയിരുന്ന വിവരം പൊലീസിനോട് പറഞ്ഞത്.

അന്വേഷണ സംഘം ബാറിലെത്തി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ ജീവനക്കാരുടെ മൊഴിയെടുത്തു. ബാറില്‍ നിന്നിറങ്ങിയ ശേഷം മൂവരും വീണ്ടും മദ്യപിച്ച്‌ ഭക്ഷണം കഴിച്ച്‌ വ്യത്യസ്‌ത സ്ഥലങ്ങളിലേക്കു രക്ഷപ്പെട്ടുവെന്നാണു മൊഴി.

ബാറിലേക്കുള്ള യാത്രയിലും മടങ്ങുമ്ബോഴും നവീന്‍ ഷാജഹാനെ വെട്ടിയ ശേഷമുണ്ടായ കാര്യങ്ങളെക്കുറിച്ച്‌ പലരോടും ഫോണില്‍ വിളിച്ച്‌ അന്വേഷിച്ചിരുന്നതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായ നവീന്‍ (28), സിദ്ധാര്‍ഥന്‍ (24) എന്നിവരുടെ പേരുകള്‍ മാത്രമാണു പൊലീസ് വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *