പട്‌ന : വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മിച്ചുവെന്നും വ്യാജ ബാങ്ക് പ്രവര്‍ത്തിപ്പിച്ചുവെന്നും പറഞ്ഞാല്‍ എല്ലാവരും വിശ്വസിച്ചെന്നിരിക്കാം.
എന്നാല്‍ വ്യാജ പോലീസ് സ്‌റ്റേഷന്‍ നടത്തിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. ഇത് പിടികൂടാനോ യഥാര്‍ത്ഥ പോലീസിന് എട്ട് മാസം വേണ്ടിവന്നു. ബീഹാറിലെ ബങ്ക നഗരത്തിലാണ് ഈ വിചിത്രമായ സംഭവം നടന്നത്.
ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഹോട്ടലിനെ പോലീസ് സ്‌റ്റേഷനാക്കി മാറ്റുകയായിരുന്നു. തുടര്‍ന്ന് പോലീസ് വേഷത്തിലെത്തിയ ഇവര്‍ ജനങ്ങളെ പറ്റിച്ച് പണം തട്ടിയെന്നാണ് വിവരം. പ്രാദേശിക പോലീസ് മേധാവിയുടെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയാണ് ഈ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചത് എന്നതും വിചിത്രം.
യൂണിഫോമും, ബാഡ്ജും ഗണ്ണുമെല്ലാമായി യഥാര്‍ത്ഥ പോലീസിനെ വെല്ലുന്ന രീതിയിലാണ് ഇവര്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. ഇത് വ്യാജനാണെന്ന് തിരിച്ചറിയാന്‍ പ്രദേശവാസികള്‍ക്കും കഴിഞ്ഞില്ല. പട്‌ന സ്‌കോര്‍ട്ട് ടീം എന്നായിരുന്നു പേര്. പരാതിയും കേസും കൊടുക്കാന്‍ എത്തുന്നവരില്‍ നിന്നും പണം തട്ടും. സഹായവും പോലീസ് ജോലിയും വാഗ്ദാനം ചെയ്തും ഇവര്‍ പണം തട്ടിയിട്ടുണ്ട്.
തട്ടിപ്പ് സംഘത്തിലെ രണ്ട് പേര്‍ സര്‍വ്വീസില്‍ നിന്ന് തരുന്ന ആയുധങ്ങള്‍ക്ക് പകരം പ്രാദേശികമായി നിര്‍മ്മിച്ച തോക്ക് ഉപയോഗിക്കുന്നത് ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പെട്ടു. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പൊളിഞ്ഞത്.
രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭോല യാദവ് എന്നയാളാണ് ഈ നീക്കത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
