സ്വര്‍ണക്കടത്തിന് കസ്റ്റംസ് സൂപ്രണ്ട് കൂടുതല്‍ പേരെ സഹായിച്ചെന്ന് സൂചന

കോഴിക്കോട് : സ്വര്‍ണക്കടത്തിനിടെ കരിപ്പൂരില്‍ ഇന്നലെ പിടിയിലായ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പ കൂടുതല്‍ പേരെ സ്വര്‍ണ്ണ കടത്തിനു സഹായിച്ചെന്ന് സൂചന.പിടിയിലായ ദിവസം ആറ് യാത്രക്കാരുടെ ലഗേജ് പരിശോധിച്ചില്ലെന്ന് കസ്റ്റംസ് കണ്ടെത്തി. വിമാന താവളത്തില്‍ ഇവരുള്‍പ്പെടെ കൂടുതല്‍ പേരില്‍ നിന്നും ഇയാള്‍ കടത്തു സ്വര്‍ണ്ണം കൈപ്പറ്റിയോ എന്ന് കസ്റ്റംസ് അന്വേഷിക്കുന്നു
ലഗേജ് എക്‌സറേ ഇമേജ് വച്ചു പ്രാഥമിക പരിശോധന നടത്തുന്ന ചുമതല ആയിരുന്നു പിടിയിലായതിന്റെ തലേ ദിവസം ഇയാള്‍ക്ക്.പരിശോധിക്കാത്തതിനെ ക്കുറിച്ച് ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ കൃത്യമായി മറുപടി നല്‍കിയില്ല.പുറത്തു വച്ചു പൊലീസ് പിടിയിലായത് ഇതിന് ശേഷം ആണ് .അഴിമതി നിരോധന നിയമ പ്രകാരം കേസ് സി ബി ഐ അന്വേഷിക്കും. സൂപ്രണ്ട് പി മുനിയപ്പയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
വിദേശത്ത് നിന്നും യാത്രക്കാരന്‍ അനധികൃതമായി കടത്തികൊണ്ടു വന്ന സ്വര്‍ണ്ണം, കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ പിടിയിലായ കസ്റ്റംസ് സൂപ്രണ്ട് ആവശ്യപ്പെട്ടത് 25000 രൂപ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്തിയ രണ്ട് കാസര്‍കോട് സ്വദേശികളില്‍ നിന്നാണ് ഇയാള്‍ 25000 രൂപ ആവശ്യപ്പെട്ടത്. കടത്തികൊണ്ടു വന്ന സ്വര്‍ണ്ണവും പാസ്‌പോര്‍ട്ടും എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ച് പണം വാങ്ങുകയായിരുന്നു ഇയാളുടെ രീതി. ഇയാളുടെ പക്കല്‍ നിന്നും കടത്തു സ്വര്‍ണവും മുറിയില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു ലക്ഷത്തോളം രൂപയും നാലു പാസ്‌പോര്‍ട്ടുകളും വിദേശ കറന്‍സികളും പിടിച്ചെടുത്തു. നേരത്തെയും സ്വര്‍ണ്ണ കടത്തിനു ഒത്താശ ചെയ്തതിനു തെളിവുകളും പൊലീസിന് ലഭിച്ചു.
ആദ്യമായിട്ടാണ് സംസ്ഥാനത്ത് ഇത്രയും ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സ്വര്‍ണ്ണം കടത്തിയതിന് പിടിയിലായത്. കാസര്‍കോട് സ്വദേശികളായ രണ്ട് യാത്രക്കാര്‍ സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടു വരുന്നെന്ന രഹസ്യവിവരം കരിപ്പൂര്‍ പൊലീസിന് ലഭിച്ചിരുന്നു. പുറത്തെത്തിയ ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കസ്റ്റംസ് സൂപ്രണ്ടിനുള്ള പങ്കിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. പുറത്തെത്തിയ സൂപ്രണ്ട് പി മുനിയപ്പയെ പരിശോധിച്ചപ്പോള്‍ 320 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തു. പുറത്ത് വച്ചു 25000 രൂപ പ്രതിഫലമായി നല്‍കിയാല്‍ സ്വര്‍ണവും വിമാനതവളത്തിന് അകത്തു നിന്നും കടത്തുകാരില്‍ നിന്നും വാങ്ങിവെച്ച പാസ്‌പോര്‍ട്ടും തിരിച്ചു നല്‍കാമെന്നായിരുന്നു ധാരണ.
നേരത്തെയും സമാന തരത്തില്‍ സ്വര്‍ണ്ണ കടത്തിന് സൂപ്രണ്ട് ഒത്താശ ചെയ്ത് എന്നതിന് തെളിവുകളും പൊലീസിന് ലഭിച്ചു. കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ നാല് പാസ്‌പോര്‍ട്ടുകളും അഞ്ചു ലക്ഷത്തോളം രൂപയും വിദേശ കറന്‍സികളും പിടിച്ചെടുത്തു. മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞു സ്വദേശത്തേക്ക് തിരിച്ചു പോകുമ്പോഴാണ് ഇത്രയും പണവും വസ്തുക്കളുമായി സൂപ്രണ്ട് പിടിയിലായത്.
സിബിഐക്കും ഡിആര്‍ഐക്കും സംഭവം പൊലീസ് റിപ്പോര്‍ട്ട് ചെയ്യും. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *