തിരുവനന്തപുരം : ലോകായുക്ത ഭേദഗതി ബില്‍ ആരൊക്കെ എതിര്‍ത്താലും പാസ്സാക്കുമെന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ജനങ്ങളോടുള്ളവെല്ലുവിളിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്.
ലോകായുക്തയുടെ കഴുത്തറുക്കുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത് സര്‍ക്കാരിന്റെ സ്വന്തം താത്പര്യം മാത്രമാണെന്ന് സുരേന്ദ്രന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ജൂഡിഷ്യല്‍ വിധിയെ മറികടക്കാന്‍ എക്സിക്യൂട്ടീവോ ലജിസ്ലേച്ചറോ അപ്പീല്‍ സംവിധാനത്തെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.
അഴിമതിക്ക് എതിരെയുള്ള എതിര്‍പ്പുകളെ മൂടിക്കെട്ടാന്‍ ലോകായുക്തയെ തന്നെ ഇല്ലാതാക്കി ഭരിക്കാമെന്ന പിണറായി സര്‍ക്കാരിന്റെ അഹങ്കാരത്തിന് ജനം ഒരിക്കല്‍ തിരിച്ചടി നല്‍കുമെന്നും. സി.പി.ഐക്ക് പറയാനുള്ളത് സെലക്ട് കമ്മിറ്റിയില്‍ ഔദ്യോഗിക ഭേദഗതിയായി അവതരിപ്പിക്കാമെന്ന നിര്‍ദ്ദേശം സി.പി.ഐക്ക് മൂക്കുകയറിട്ടതിന് തുല്യമാണെന്നും സുരേന്ദ്രന് ആരോപിച്ചു. പിണറായി വിജയന് കണ്ണുരുട്ടി കാണിക്കുമ്ബോള്‍ കാനത്തിന്റെ മുട്ട് വിറയ്ക്കുന്നു. അതാണ് ലോകായുക്ത ബില്ലില്‍ കണ്ടത്. ആത്മാഭിമാനം എന്നൊന്നുണ്ടെങ്കില്‍ സി.പി.ഐ എടുത്ത നിലപാടില്‍ ഉറച്ച് നില്‍ക്കണം. അതിനുള്ള തന്റേടം സി.പി.ഐക്കുണ്ടോ എന്നതാണ് പ്രശ്നം.
എന്നാല്‍ യു.ഡി.എഫ് ബില്ലിനെ എതിര്‍ക്കുന്നുവെന്ന് വരുത്തി തീര്‍ത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്നു. അതുകൊണ്ടാണ് ലോകായുക്ത കഴുത്തില്‍ വയ്ക്കുന്ന കത്തിയെ പരിചകൊണ്ട് തടുത്ത് ചെറുക്കാന്‍ പ്രതിപക്ഷം വൈമനസ്യം കാട്ടുന്നത്. എതിര്‍ക്കുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ യു.ഡിഎഫ് നടത്തുന്ന ഈ പൊറാട്ട് നാടകം ഒരിക്കല്‍ പൊളിഞ്ഞു വീഴുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകായുക്ത നിയമ ഭേദഗതി ബില്‍ പാസാകുന്നതോടെ ലോകായുക്ത എന്ന സംവിധാനം വെറും നോക്കുകുത്തിയായി മാറും. അഴിമതി നടത്തിയ പൊതുപ്രവര്‍ത്തകര്‍ സ്ഥാനം ഒഴിയണമെന്ന 14ാം വകുപ്പാണ് ഭേദഗതിയിലൂടെ മാറ്റിമറിക്കപ്പെടുന്നത്. ഇത് ആര്‍ക്ക് വേണ്ടിയാണെന്നും ആരെ രക്ഷിക്കാനാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
