നാഗര്‍കോവില്‍: കഞ്ചാവ് സംഘത്തിലേക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന കോളജ് വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച് കാമുകന്‍.
കന്യാകുമാരി കുളച്ചലിലാണ് കോളജ് വിദ്യാര്‍ത്ഥിനി യുവാവിന്റെ ആക്രമണത്തിന് ഇരയായത്. കഞ്ചാവ് മാഫിയക്ക് സംഘം ചേര്‍ന്നിരുന്ന് കഞ്ചാവ് വലിക്കാനും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും പെണ്‍കുട്ടികളെ തരപ്പെടുത്തി കൊടുക്കുന്ന സംഘത്തിലെ കണ്ണിയാണ് ആക്രമിക്കപ്പെട്ട യുവതി.
കുളച്ചലിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന നാഗര്‍കോവില്‍ സ്വദേശിനി തലക്കടിയേറ്റ പരുക്കുകളോടെ ചികില്‍സ തേടിയപ്പോഴാണ് ലഹരിയുടെ മറവിലെ ലൈംഗിക ചൂഷണത്തെ കുറിച്ച് പൊലീസിനു വിവരം കിട്ടിയത്. പൊലീസെത്തിയപ്പോള്‍ കാമുകന്‍ അജിനാണ് ആക്രമിച്ചതെന്നു പെണ്‍കുട്ടി മൊഴി നല്‍കി. യുവാക്കള്‍ക്കൊപ്പം കഞ്ചാവ് ഉപയോഗിക്കാന്‍ കോളജ് വിദ്യാര്‍ഥിനികളെ എത്തിച്ചുനല്‍കുന്ന സംഘത്തിലെ അംഗമാണ് ആക്രമണത്തിനിരയായ പെണ്‍കുട്ടി.
കഴിഞ്ഞ ദിവസം ജന്മദിനാഘോഷമെന്ന പേരില്‍ 2 യുവാക്കള്‍ പെണ്‍കുട്ടിയുടെ താമസ സ്ഥലത്ത് എത്തി. ഇക്കാര്യം അറിഞ്ഞ കാമുകന്‍ പുലര്‍ച്ചെ വീട്ടിനുള്ളിലെത്തി. തുടര്‍ന്നു യുവാക്കളെ തല്ലിയോടിച്ചു. തടസം നിന്ന കാമുകിയുടെ തലയടിച്ചു പൊട്ടിച്ചു. അന്വേഷണം തുടരവേ അജിന്റെ മാതാവിനെ മറ്റൊരു പെണ്‍കുട്ടി വിളിച്ച് ആക്രമണത്തിന്റെ കാരണം വെളിപ്പെടുത്തുകയായിരുന്നു.
ലഹരിക്കടിമയാക്കി ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘത്തെ താന്‍ തല്ലിയോടിച്ചെന്നാണ് അജിന്റെ മൊഴി. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ താമസ സ്ഥലത്തു പരിശോധന നടത്തി. ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭനിരോധന ഉറകളും കഞ്ചാവും കണ്ടെടുത്തു. കൂടുതല്‍ പെണ്‍കുട്ടികള്‍ സംഘത്തിന്റെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണു പൊലീസിന് വിവരം കിട്ടിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
