ഒരുമിച്ചുള്ള സ്വകാര്യദൃശ്യം കാട്ടി ഭീഷണിപ്പെടുത്തി ; സുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ച്‌ 32-കാരന്‍

ഉത്തര്‍പ്രദേശ് : സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സുഹൃത്തായ 30-കാരന്റെ ജനനേന്ദ്രിയം 32-കാരന്‍ മുറിച്ചുമാറ്റി.

ഉത്തര്‍പ്രദേശിലെ ബറേയ്‌ലി സിവില്‍ ലൈന്‍സ് മേഖലയിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ 30-കാരനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ പ്രതിയും ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ചയാണ് നഗരത്തിലെ ഹോട്ടലില്‍വെച്ച്‌ ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. യുവാക്കളായ രണ്ടുപേരും മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കരാര്‍ തൊഴിലാളികളാണ്. ഒരുവര്‍ഷം മുമ്ബാണ് ഇരുവരും പരിചയപ്പെട്ടത്. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് 30-കാരന്‍ സുഹൃത്തായ 32-കാരനെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഇരുവരും ഇവിടെവെച്ച്‌ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ 30-കാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി പണം തട്ടിയതായും 32-കാരന്‍ പറഞ്ഞു.

ശനിയാഴ്ച ഇരുവരും വീണ്ടും ഹോട്ടലില്‍വെച്ച്‌ കണ്ടുമുട്ടി. തുടര്‍ന്ന് മൊബൈല്‍ഫോണില്‍നിന്ന് വീഡിയോ നീക്കംചെയ്യാന്‍ പ്രതി സുഹൃത്തിനോട് ആവശ്യപ്പെട്ടു.
ഇതേച്ചൊല്ലി വാക്കേറ്റവും തര്‍ക്കവും ഉണ്ടായതോടെ 30-കാരന്‍ സുഹൃത്തിനെ ആക്രമിച്ചു. ഇതോടെയാണ് മുറിയിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ പ്രതി സുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *