മാധ്യമങ്ങള്‍ സൃഷ്‌ടിച്ച ട്രഷറി പ്രതിസന്ധി ആവിയായി: ടി എം തോമസ്‌ ഐസക്‌

തിരുവനന്തപുരം: ഓണം കഴിഞ്ഞാല്‍ ട്രഷറി പൂട്ടുമെന്ന നിലയില്‍ മാധമ്യങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി ആവിയായിപ്പോയെന്ന് മുന്‍ധനമന്ത്രി ടി എം തോമസ് ഐസക്.

മനോരമ ഒന്നാംപേജില്‍ എഴുതിയതുപോലെ ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലുമായില്ല. ഒരു രഹസ്യ നിരോധനവും നടപ്പാക്കിയിട്ടുമില്ല. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ വായ്പാപരിധി വെട്ടികുറക്കുന്നതിന് കുതന്ത്രങ്ങള്‍ മെനയുകയാണ് കേന്ദ്രം. അതിന് അന്തരീക്ഷ സൃഷ്ടിക്കലിലാണ് ചില തല്‍പ്പര കക്ഷികള്‍. ഇവരുടെ പ്രചാരകരായി ചില മാധ്യമങ്ങള്‍ മാറിയതായും ഐസക് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ട്രഷറി പ്രവര്‍ത്തനത്തില്‍ വേയ്സ് ആന്‍ഡ് മീന്‍സ് സൗകര്യം ഉപയോഗിക്കുക പതിവാണ്. 2019–20ല്‍ സംസ്ഥാന ട്രഷറി 234 ദിവസം വേയ്സ് ആന്‍റ് മീന്‍സ് അഡ്വാന്‍സ് എടുത്തു. 54 ദിവസം അഡ്വാന്‍സ് പരിധിയുംകടന്ന് ഓവര്‍ ഡ്രാഫ്റ്റിലായി. 2020-21ല്‍ 195 ദിവസം വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സിലായി. 34 ദിവസം ഓവര്‍ ഡ്രാഫ്റ്റിലും. കോവിഡില്‍ വരുമാനം ഇല്ലാതായ ജനങ്ങളെ സഹായിച്ചേതീരുവെഎന്ന നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അനുവദിച്ച വായ്പ മുഴുവനെടുത്തു ജനങ്ങളുടെ സുരക്ഷയ്ക്കായി ചെലവഴിച്ചു. അര്‍ഹതപ്പെട്ട വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സുമെടുത്തു. പണമില്ലെന്നതിനാല്‍ ആവശ്യമൊന്നും മാറ്റിവച്ചില്ല. ജനങ്ങളുടെ സുരക്ഷയായിരുന്നു പ്രധാനം.

ഇക്കാലത്തെകുറിച്ച്‌ മനോരമ ഒന്നാംപേജില്‍ എഴുതിയത് തമാശയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുന്നത് തടയാന്‍ ഒരു തന്ത്രം പലവട്ടം പ്രയോഗിച്ചിരുവെന്നാണ് മനോരമ പറഞ്ഞത്. ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോയെന്ന ചിത്തപേര് ഒഴിവാക്കാന്‍ സോഫ്ട് വെയറില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയെന്നും പറഞ്ഞു. ഇതെല്ലാം ഭാവനയില്‍മാത്രം സംഭവിച്ചതാണ്. റിപ്പോ നിരക്കായ 3.5 ശതമാനം പലിശയ്ക്ക് ലഭിക്കുന്ന വെയ്സ് ആന്‍റ് മീന്‍സ് അഡ്വാന്‍സ് ഉപയോഗിക്കുകയെന്നത് സര്‍ക്കാര്‍ തീരുമാനമായിരുന്നു. അത് ഇനിയും പ്രയോജനപ്പെടുത്തുക സര്‍ക്കാര്‍ നയമാകും. ട്രഷറിയിലെ പണം കെട്ടിവയ്ക്കുകയല്ലെന്നും, അത് ചംക്രമണം ചെയ്തു കൊണ്ടുരിക്കുകയാണെന്നുമുള്ള ലളിതമായ കാര്യമെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍ക്കണമെന്നും ഐസക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *