മലപ്പുറം: തെരുവുനായ, അത് ജീവനുള്ളതായാലും ഇല്ലാത്തതായാലും എല്ലാം ഇപ്പോള്‍ നാട്ടുകാര്‍ക്ക് തലവേദനയാണ്.
മലപ്പുറം ഏറനാട്ടിലെ ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണയില്‍ ചത്ത തെരുവ് നായയെ കുഴിച്ചിടുന്നതില്‍ ഉണ്ടായ തര്‍ക്കം ജില്ലാ കളക്ടറേറ്റില്‍ വരെ ചെന്നെത്തി.
ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ അങ്ങാടിയില്‍ ചൊവ്വാഴ്ച രാവിലെ ആണ് തെരുവ് നായയെ ചത്ത നിലയില്‍ കണ്ടത്. തെരുവ് നായയെ കുഴിച്ചിടാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളില്‍ ചിലര്‍ രണ്ടാം വാര്‍ഡ് അംഗത്തെ വിളിച്ചപ്പോള്‍ പറഞ്ഞ മറുപടി, നായ ചത്തത് മൂന്നാം വാര്‍ഡിലാണെന്ന്. മൂന്നാം വാര്‍ഡ് അംഗമാകട്ടെ വിളിച്ചിട്ട് സ്ഥലത്തും എത്തിയില്ല. തെരുവ് നായയെ കുഴിച്ചിടുന്നയാള്ക്ക് 400 രൂപ പാരിതോഷികം എന്ന മറുപടി ആണ് പിന്നീട് ജനപ്രതിനിധികള്‍ നല്‍കിയത്. അതിന് ആധാര്‍ കാര്‍ഡ് കോപ്പി ഉള്‍പ്പെടെ നല്‍കണം, പണം കിട്ടാന്‍ ഒരു മാസം സമയവും എടുക്കും.. ഇതോടെ തെരുവ് നായയെ കുഴിച്ചിടാന്‍ ആളെ കിട്ടാതെ ആയി.
ഇടിവണ്ണ അങ്ങാടിയുടെ ഒരു ഭാഗം രണ്ടാം വാര്‍ഡും, ഒരു ഭാഗം മൂന്നാം വാര്‍ഡുമാണ്. ഒരു മെംബര്‍ യുഡിഎഫും, ഒരു മെംബര്‍ എല്ഡിഎഫുമായതിനാല് ആ വഴിക്കും തര്‍ക്കം നീണ്ടു. ഒടുവില്‍ സഹികെട്ട് നാട്ടുകാര്‍ ജില്ലാ കളക്ടറുടെ സഹായം തേടി. കളക്ടര്‍ പഞ്ചായത്ത് അധികൃതരോട് വിശദീകരണം തേടിയതോടെ പിന്നെ എല്ലാം മിന്നല്‍ വേഗത്തില്‍ നടന്നു.
അടിയന്തരമായി നായയെ കുഴിച്ചിടാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും കളക്ടര്‍ ആവശ്യപ്പെട്ടു. കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പഞ്ചായത്തില്‍ നിന്നും ജീവനക്കാര്‍ എത്തിയെങ്കിലും സെക്രട്ടറി വരണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. അതോടെ വീണ്ടും കളക്ടര്‍ക്ക് ഫോണ്‍ വിളിച്ചു നാട്ടുകാര്‍. കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെ കാര്യങ്ങളെല്ലാം തീരുമാനമായി. നാട്ടിലെ തന്നെ ഒരാള്‍ നായയെ കുഴിച്ചിടാന്‍ തയ്യാറായി. പഞ്ചായത്ത് ജീവനക്കാര്‍ അയാള്‍ക്ക് കുഴിച്ചിടാന്‍ 500 രൂപയും കയ്യോടെ നല്കി.
നായയെ കുഴിച്ചിട്ടാല്‍ ആധാര്‍ കാര്‍ഡ് സഹിതം അപേക്ഷ നല്കിയാല് ഒരു മാസത്തിന് ശേഷം 400 രൂപ ലഭിക്കുമെന്ന് പറഞ്ഞ ജനപ്രതിനിധികള്‍ ആണ് ഇവിടെ ഇളിഭ്യരായത്. ജനങ്ങള്‍ എപ്പോഴും സഞ്ചരിക്കുന്ന അങ്ങാടിയിലായിരുന്നു തെരുവ് നായ ചത്ത് കിടന്നത്. മണിക്കൂറുകളോളം നീണ്ടു നിന്ന തര്‍ക്കത്തിനാണ് വൈകുന്നേരം 4 മണിയോടെ പരിഹാരമായത്. ജനപ്രതിനിധികളോ പഞ്ചായത്ത് അധികൃതരോ ജനങ്ങള്‍ വിളിച്ചിട്ടും തിരിഞ്ഞ് നോക്കാതിരുന്നതാണ് പ്രശ്നം സങ്കീര്‍ണ്ണമാക്കിയത്.
