എലിസബത്ത് രാജ്ഞിയുടെ അന്ത്യചടങ്ങുകള്‍ക്ക് 500 വിദേശ പ്രതിനിധികള്‍

ലണ്ടന്‍: തിങ്കളാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ അബെയില്‍ നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് 500 പ്രമുഖര്‍ പങ്കെടുക്കും.

റഷ്യ, ബെലറൂസ്, മ്യാന്മര്‍ ഒഴികെ എല്ലാ രാജ്യങ്ങളിലെയും തലവന്മാര്‍ക്ക് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കിടെ ബ്രിട്ടന്‍ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ രാജ്യാന്തര പരിപാടിയാകുമിത്.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ അടക്കം കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവന്മാര്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മെയര്‍, ഇറ്റലിയുടെ സെര്‍ജിയോ മാറ്ററല്ല, തുര്‍ക്കിയയില്‍നിന്ന് ഉര്‍ദുഗാന്‍, ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബൊല്‍സനാരോ തുടങ്ങിയവരും സാന്നിധ്യം ഉറപ്പുനല്‍കിയിട്ടുണ്ട്.

ജപ്പാന്‍ രാജാവ് നരുഹിതോ, സ്പെയിന്‍ രാജാവ് ഫിലിപ് ആറാമന്‍, മുന്‍ സ്പാനിഷ് രാജാവ് യുവാന്‍ കാര്‍ലോസ് ഒന്നാമന്‍ എന്നിവരുമുണ്ടാകും. എഡിന്‍ബര്‍ഗിലെ സെന്റ് ജൈല്‍സ് കത്തീഡ്രലില്‍ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്ചയാണ് ലണ്ടനിലേക്ക് കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *