ആര്‍.ടി.എയെ കുറിച്ചറിയാന്‍ അമേരിക്കന്‍ സംഘമെത്തി

ദുബൈ: എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റി(ആര്‍.ടി.എ)യുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അമേരിക്കന്‍ സംഘമെത്തി.

യു.എസിലെ പടിഞ്ഞാറന്‍ സ്റ്റേറ്റായ യൂറ്റയില്‍നിന്നുള്ള സംഘമാണ് ദുബൈയിലെത്തി ആര്‍.ടി.എ ഡയറക്ടര്‍ ജനറലും എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ അല്‍ തായറുമായി കൂടിക്കാഴ്ച നടത്തിയത്. സംഘത്തെ സ്വീകരിച്ച ആര്‍.ടി.എ മേധാവികള്‍ റോഡ്, ഗതാഗതമേഖലയില്‍ സഹകരണത്തിനുള്ള സാധ്യതകളും ചര്‍ച്ചചെയ്തു.

യൂറ്റ ഗതാഗത വകുപ്പ് എക്സി. ഡയറക്ടര്‍ കാര്‍ലോസ് ബ്രസറാസിന്‍റെ നേതൃത്വത്തിലാണ് സംഘം ദുബൈയിലെത്തിയത്. ആര്‍.ടി.എ നടപ്പിലാക്കുന്ന പദ്ധതികളെ സന്ദര്‍ശകര്‍ക്ക് മുന്നില്‍ വിശദീകരിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ മെട്രോ ടെയിന്‍ നെറ്റ്വര്‍ക്കായ ദുബൈ മെട്രോ, 11 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള ദുബൈ ട്രാം, ബസ് സര്‍വിസ്, സമുദ്ര ഗതാഗത സംവിധാനങ്ങള്‍ എന്നിവ സംഘത്തിന് പരിചയപ്പെടുത്തി. ഓരോ ദിവസവും 16 ലക്ഷം യാത്രക്കാര്‍ ആര്‍.ടി.എയുടെ വിവിധ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും സ്മാര്‍ട്ട് സാങ്കേതിക വിദ്യകള്‍ ഏറ്റവും മികച്ചരീതിയില്‍ സംയോജിപ്പിച്ചാണ് ഇത് നടപ്പിലാക്കുന്നതെന്നും അല്‍ തായര്‍ കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു. ഭാവിയില്‍ ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കുന്നതിനടക്കം തയാറാക്കിയ പദ്ധതികളും വിശദീകരിച്ചു.

ആര്‍.ടി.എയുടെ പ്രവര്‍ത്തനരീതി മാതൃകാപരമാണെന്ന് സന്ദര്‍ശനസംഘത്തിന്‍റെ മേധാവി കാര്‍ലോസ് ബ്രസറാസ് അഭിപ്രായപ്പെട്ടു. പരസ്പരം സഹകരണം ശക്തിപ്പെടുത്താനും അനുഭവങ്ങള്‍ പങ്കുവെക്കാനും താല്‍പര്യമുണ്ടെന്നും ഇതിനായി കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കൈയിങ്ങിന് പേരുകേട്ട മഞ്ഞുപര്‍വതങ്ങള്‍ നിറഞ്ഞ അമേരിക്കന്‍ പ്രദേശമാണ് യൂറ്റ. ഉയര്‍ന്ന ജീവിതനിലവാരം, കുറഞ്ഞ കുറ്റകൃത്യങ്ങള്‍, മനോഹരമായ ഭൂപ്രകൃതി എന്നിവയിലാണ് സംസ്ഥാനം അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *