കോഴിക്കോട്: പരാതി നല്‍കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡറിനെ സിഐ അധിക്ഷേപിച്ചെന്ന് പരാതി. കോഴിക്കോട് നടക്കാവ് സിഐ ജിജീഷിനെതിരെ ദീപ റാണി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് ദീപ മനോരമ ന്യൂസിനോട് പറഞ്ഞു.
പരിചയമില്ലാത്ത നമ്പറില്‍നിന്ന് ഫോണിലേക്ക് വിളിച്ച് അസഭ്യം പറഞ്ഞതു സംബന്ധിച്ച് പരാതി നല്‍കുന്നതിനാണ് ചൊവ്വാഴ്ച രാത്രി പൊലീസ് സ്റ്റേഷനില്‍ പോയതെന്നു ദീപ റാണി പറഞ്ഞു. വിവശദാംശങ്ങള്‍ പറയുന്നതിനിടെ താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണോയെന്നു സിഐ ചോദിച്ചു.
അതേയെന്നു പറഞ്ഞപ്പോള്‍ ഫോണില്‍ വിളിച്ചത് കസ്റ്റമറായിരിക്കുമെന്നും സെക്‌സ് വര്‍ക്ക് ചെയ്യുന്നവര്‍ പറയുന്നതനുസരിച്ചു കേസെടുക്കാന്‍ സാധിക്കില്ലെന്നു സിഐ പറഞ്ഞതായി ദീപ പറഞ്ഞു. സംഭവങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയതും സിഐ ചോദ്യം ചെയ്തു.
സംഭവത്തില്‍ വിശദീകരണവുമായി നടക്കാവ് പൊലീസ് രംഗത്തെത്തി. ടൗണിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ പതിവായി ഇത്തരത്തിലുള്ള പരാതിയുമായി സമീപക്കാറുണ്ട്. എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളത്. എന്നാല്‍ ദീപ റാണിയോട് ചില കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നെന്ന് നടക്കാവ് പൊലീസ് പറഞ്ഞു.
