ഗവര്‍ണറെ തണുപ്പിക്കാന്‍ സര്‍ക്കാര്‍; മന്ത്രി എം.ബി രാജേഷ് രാജ്ഭവനില്‍

സര്‍ക്കാരുമായി നിരന്തരം പോരടിച്ചുകൊണ്ടിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ മന്ത്രി എം.ബി രാജേഷ് രാജ്ഭവനിലെത്തി.

ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ഗവര്‍ണറെ ക്ഷണിക്കാനാണ് രാജ്ഭവനിലെത്തിയതെന്നാണ് നല്‍കിയ വിശദീകരണം. ഒക്ടോബര്‍ രണ്ടിന് സംസ്ഥാന തലത്തില്‍ ലഹരിവിരുതദ്ധ പ്രചാരണ പരിപാടി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സര്‍ക്കാരിന്റെ സുപ്രധാന പരിപാടിയായതുകൊണ്ടാണ് എക്‌സൈസ് മന്ത്രി എന്ന നിലയില്‍ എം.ബി രാജേഷ് രാജ്ഭവനിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ചീഫ് സെക്രട്ടറി വി.പി ജോയിയും മന്ത്രിക്കൊപ്പം ഗവര്‍ണറെ കാണാനെത്തിയിരുന്നു. ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിക്കു പോയാല്‍ ഒക്ടോബര്‍ മൂന്നിനു മാത്രമേ തിരിച്ചെത്തുകയുള്ളൂ. നിലവില്‍ അഞ്ചു ബില്ലുകളില്‍ മാത്രമാണ് ഒപ്പിട്ടിരിക്കുന്നത്. ആറ് ബില്ലുകളിലാണ് ഒപ്പിടാനുള്ളത്. ലോകായുക്ത നിയമ ഭേദഗതി ബില്ലിലും സര്‍വകലാശാല നിയമഭേദഗതിയിലും ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

രണ്ട് ബില്ലുകളില്‍ ഒപ്പിടില്ലെന്ന് അറിയിച്ചെങ്കിലും ബാക്കിയുള്ള നാല് ബില്ലുകളില്‍ എപ്പോള്‍ ഒപ്പിടുമെന്നതില്‍ വ്യക്തതയില്ല. ബില്ലുകള്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അഭിപ്രായവും ഗവര്‍ണറെ അറിയിക്കാനുള്ള സാധ്യതയുണ്ട്. വകുപ്പ് മന്ത്രിമാരോ സെക്രട്ടറിമാരോ നേരിട്ട് വരണമെന്ന ആവശ്യമായിരുന്നു ഗവര്‍ണര്‍ നേരത്തെ മുന്നോട്ട്‌വെച്ചിരുന്നത്. പിന്നീട് ചില വകുപ്പ് സെക്രട്ടറിമാര്‍ ഗവര്‍ണറെ കണ്ട് കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചത്. രാവിലെ വിഴിഞ്ഞം തുറമുഖ സമരത്തിനു നേതൃത്വം നല്‍കുന്ന ലത്തീന്‍ സഭാ നേതൃത്വവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുറമുഖ നിര്‍മാണത്തിലെ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി ലത്തീന്‍ രൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേര മാധ്യമങ്ങളോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *