സാനിറ്ററി പാഡ് വരെ വലിച്ചിട്ട് പരിശോധിച്ചു; ഈ നാട്ടില്‍ മക്കളോടൊപ്പം അന്തിയുറങ്ങാനുള്ള അവകാശമില്ലേയെന്ന് ഡോ. ഫൗസീന തക്ബീര്‍

പുലര്‍ച്ചെ വീട്ടിലെത്തിയ സംഘം സാനിറ്ററി പാഡടക്കം വലിച്ചിട്ട് പരിശോധിച്ചെന്ന് പോപ്പുലര്‍ ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ ഭാര്യ ഡോ.

ഫൗസീന തക്ബീര്‍. ഈ നാട്ടില്‍ സ്വന്തം വീട്ടില്‍ മക്കളോടൊപ്പം അന്തിയുറങ്ങാനുള്ള അവകാശമില്ലേയെന്നും അവര്‍ ചോദിച്ചു. സാദിഖ് അഹമ്മദിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ ഇ.ഡി, എന്‍.ഐ.എ സംഘം റെയ്ഡിനെത്തിയിരുന്നു. സാദിഖ് അഹമ്മദിനെ സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

‘ഒരു രേഖകളും റെയ്ഡിനെത്തിയവര്‍ കൊണ്ടുപോയിട്ടില്ല. ആളുകളെ ഭീതിയിലാഴ്ത്തുക, പോപ്പുലര്‍ ഫ്രണ്ടുകാര്‍ വലിയ തെറ്റുകാരാണെന്ന് വരുത്തിതീര്‍ക്കുക എന്നതൊക്കെയാണ് ഈ റെയ്ഡുകളുടെ ഉദ്യേശം’ – ഡോ. ഫൗസീന തക്ബീര്‍ പറഞ്ഞു.

പുലര്‍ച്ചെ വീട്ടിലെത്തിയ സംഘം മൂന്നും അഞ്ചും എട്ടും വയസുള്ള മക്കള്‍ കിടന്നുറങ്ങുന്ന കട്ടില്‍ വരെ പൊക്കി നോക്കിയെന്നും അവര്‍ പറഞ്ഞു. ‘സാധനങ്ങള്‍ മുഴുവന്‍ വാരി വലിച്ചിട്ടുണ്ട്. അരിപ്പെട്ടിയും സാനിറ്ററി പാഡും വരെ വലിച്ചിട്ടവയിലുണ്ട്. ഇതിലൊക്കെ എന്താണുള്ളത്. ഭിത്തിയിലൊക്കെ ഇടിച്ചിടിച്ച്‌ നോക്കുകയായിരുന്നു. അതിനകത്തൊക്കെ ഞങ്ങള്‍ തുരങ്കം സൃഷ്ടിച്ച്‌ എന്തൊക്കെയോ പൂഴ്ത്തിവെച്ച പോലെയായിരുന്നു പെരുമാറ്റം’ – ഡോ. ഫൗസീന തക്ബീര്‍ തുടര്‍ന്നു.

‘ഉപയോഗിക്കുന്ന ഫോണുകള്‍, ലാപ്ടോപ്, പെന്‍ഡ്രൈവ്, മൂന്ന് സിഡികള്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ പേരുള്ള രണ്ട് ടീഷര്‍ട്ടുകള്‍, തൊപ്പികള്‍ ഇതൊക്കെയാണ് റെയ്ഡിനെത്തിയവര്‍ പിടിച്ചെടുത്ത് കൊണ്ടുപോയത്. ഇതിലൊക്കെ എന്ത് തെളിവാണുള്ളത്. ഈ നാട്ടില്‍ സ്വന്തം വീട്ടില്‍ മക്കളോടൊപ്പം അന്തിയുറങ്ങാനുള്ള അവകാശമില്ലേ.. എന്ത് ഉമ്മാക്കി കാണിച്ചാലും ജീവന്‍ അവസാനിക്കുന്നത് വരെയും പോരാടും.’ – ഡോ. ഫൗസീന തക്ബീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *