ഭരണഘടനാവിരുദ്ധമായ ഒരുനിയമവും കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി

തൃശൂര്‍: ന്യൂനപക്ഷത്തിനെതിരെയുള്ള പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാജ്യത്ത് ആദ്യം പ്രഖ്യാപിച്ചത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഭരണഘടനാവിരുദ്ധമായ ഒരു നിയമവും ഇവിടെ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഴീക്കോടന്‍ രാഘവന്റെ 50–-ാം രക്തസാക്ഷിദിനത്തിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷത്തിനുനേരെ വലിയ ആക്രമണങ്ങളാണ് ആര്‍എസ്‌എസ് നടത്തിക്കൊണ്ടിരിക്കുന്നത്. സംഘപരിവാറിന്റെ ഈ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. മാത്രമല്ല, വര്‍ഗീയ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് കോണ്‍ഗ്രസിന്റെ പ്രവൃത്തികള്‍. ഇപ്പോള്‍ കോണ്‍ഗ്രസ് നടത്തുന്ന പദയാത്രയ്ക്ക് ബിജെപിക്ക് കരുത്തുള്ള സംസ്ഥാനങ്ങളില്‍ കാര്യമായ പര്യടനമില്ല.

കേരളത്തില്‍നിന്ന് ലോക്സഭയില്‍ എത്തിയ കോണ്‍ഗ്രസ് എംപിമാരില്‍ ഒരാള്‍പോലും കേരളത്തിന്റെ ജീവല്‍പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ തയ്യാറായില്ല. കേരളം ഇനിയും കൂടുതല്‍ മുന്നോട്ടുപോകണം. ലോകത്തിലെ വികസിത രാജ്യങ്ങളിലേതുപോലെ ജീവിതനിലവാരമുള്ള നാടായി ഒരു നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ഇടതുപക്ഷ പാര്‍ടികളും ജനാധിപത്യ പാര്‍ടികളും ഒരേ മനസ്സോടെ അണിനിരക്കണം. കോണ്‍ഗ്രസ് ഇന്നത്തെ ഇന്ത്യയില്‍ അത്രമാത്രം പ്രസക്തമായൊരു പാര്‍ടിയല്ല. സംസ്ഥാനതലത്തില്‍ കരുത്താര്‍ജിച്ച നിരവധി പ്രാദേശിക പാര്‍ടികള്‍ ഉണ്ട്. അവര്‍ക്കാണ് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാകുക.

ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് മാപ്പെഴുതി ജയിലില്‍നിന്ന് മോചിതനായ സവര്‍ക്കറെയാണ് ആര്‍എസ്‌എസ്–- ബിജെപി ദേശാഭിമാനിയായി ചിത്രീകരിക്കുന്നത്. ഇതേ സവര്‍ക്കറുടെ ചിത്രമാണ് ഇപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവ് നടത്തുന്ന ജാഥയുടെ പ്രചാരണത്തിനായി ആലുവയില്‍ പ്രദര്‍ശിപ്പിച്ചത്. ബിജെപി–- ആര്‍എസ്‌എസ്നയം കോണ്‍ഗ്രസ് മനസ്സും സ്വാംശീകരിച്ചിരിക്കുന്നു എന്നുവേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍. രാജ്യവ്യാപകമായി പ്രായഭേദമെന്യേ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും ബിജെപിയിലേക്ക് ചേക്കേറുകയാണ്–-മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *