യുക്രെയിനില്‍ മോദി മദ്ധ്യസ്ഥനാകണം: മെക്സിക്കോ

ന്യൂയോര്‍ക്ക്: റഷ്യ – യുക്രെയിന്‍ അധിനിവേശം അവസാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യസ്ഥത വഹിക്കണമെന്ന് മെക്സിക്കോ.

ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനിടെയാണ് മെക്സിക്കോയുടെ പരാമര്‍ശം. മോദി,​ ഫ്രാന്‍സിസ് മാര്‍പാപ്പ, യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറെസ് എന്നിവര്‍ അടങ്ങുന്ന സമാധാന കമ്മിറ്റി രൂപീകരിക്കണമെന്ന നിര്‍ദ്ദേശം മെക്സിക്കന്‍ വിദേശകാര്യ മന്ത്രി മാര്‍സെലോ ലൂയിസ് എബ്രാര്‍ഡ് കസോബോണ്‍ യോഗത്തില്‍ മുന്നോട്ട് വച്ചു.

ചര്‍ച്ചകളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും മാത്രമേ സമാധാനം പുനഃസ്ഥാപിക്കാനാകൂ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. യുക്രെയിന്‍ അധിനിവേശം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയായിരുന്നു മെക്സിക്കോയുടെ നീക്കം. ഈ കമ്മിറ്റിയ്ക്ക് യുക്രെയിനും റഷ്യയ്ക്കുമിടെയില്‍ ശാശ്വത സമാധാനം സ്ഥാപിക്കാന്‍ കഴിയുമെന്ന് മെക്സിക്കോ ചൂണ്ടിക്കാട്ടി.

അടുത്തിടെ ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെയുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെ ‘ ഇത് യുദ്ധത്തിന്റെ സമയമല്ല” എന്ന് മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനെ ഓര്‍മിപ്പിച്ചത് ചര്‍ച്ചയായിരുന്നു. യു.എസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ മോദിയുടെ നിലപാടിനെ അഭിനന്ദിച്ചിരുന്നു. കഴിഞ്ഞ ദിവസം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും മോദിയെ പിന്തുണച്ചിരുന്നു.

ലോകത്ത് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ മോദി, മാര്‍പ്പാപ്പ, ഗുട്ടെറസ് എന്നിവരുള്‍പ്പെടുന്ന കമ്മിഷന് രൂപം നല്‍കണമെന്ന് ഐക്യരാഷ്ട്ര സഭയ്‌ക്ക് രേഖാമൂലം നിര്‍ദ്ദേശം സമര്‍പ്പിക്കുമെന്ന് മെക്സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെ മാനുവല്‍ ലോപ്പസ് ഓബ്രഡോര്‍ കഴിഞ്ഞ മാസം ആദ്യം തന്നെ അറിയിച്ചിരുന്നു. യുക്രെയിന് പുറമേ തായ്‌വാന്‍,​ ഇസ്രയേല്‍,​ പലസ്‌തീന്‍ തുടങ്ങിയ സംഘര്‍ഷ മേഖലകളിലെല്ലാം സമാധാനം പുനഃസ്ഥാപിക്കാന്‍ ഈ കമ്മിഷന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *