ഒറ്റപ്പാലം: ഉറങ്ങുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.
മകള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. അനങ്ങനടി കോതകുര്‍ശി ഗാന്ധിനഗറില്‍ കിഴക്കേപുരയ്ക്കല്‍ കൃഷ്ണദാസ്(48) ആണു ഭാര്യ രജനിയെ (38) മടവാള്‍കൊണ്ട് വെട്ടിക്കൊന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണു നാടിനെ നടുക്കിയ സംഭവം. ഇവരുടെ മകള്‍ അനഘ(13)യ്ക്കും പരിക്കേറ്റിട്ടുണ്ട്. ചളവറ മുണ്ടക്കോട്ടുകുര്‍ശി സ്വദേശിനിയാണു രജനി.
കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് ആദ്യം വിവരമറിഞ്ഞത്. ഇവര്‍ നല്കിയ വിവരത്തെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തു.
കുറച്ചു ദിവസങ്ങളായി കൃഷ്ണദാസ് മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്നാണു പറയപ്പെടുന്നത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഇയാള്‍ സണ്ഷേഡില്നിന്നു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നു.
സംഭവം നടന്നതിനു തലേന്ന് കൃഷ്ണദാസ് പച്ചക്കറികളും വീട്ടിലേക്കുള്ള മറ്റു സാധനങ്ങളും വാങ്ങിക്കൊണ്ടുവന്നിരുന്നു. ഈ ദിവസം ഇവരുടെ വീട്ടില്‍നിന്ന് അസ്വാഭാവികമായി ഒന്നും കേട്ടില്ലെന്നും പരിസരവാസികള്‍ പറയുന്നു. മൃതദേഹത്തില്‍ ആഴത്തിലുള്ള ഏഴു മുറിവുകള്‍ പോലീസ് കണ്ടെത്തി. കഴുത്തിലും താടിയിലും തലയിലുമാണ് വെട്ടേറ്റത്.
അമ്മയെ ആക്രമിക്കുന്നതുകണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് മകള്‍ അനഘയ്ക്കു വെട്ടേറ്റതെന്നു പോലീസ് പറഞ്ഞു. തലയ്ക്ക് ആഴത്തില്‍ രണ്ടു മുറിവുകളുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ.്
കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്നു മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി.
രജനിയെ വെട്ടാനുപയോഗിച്ച മടവാള് വീടിനു സമീപത്തുനിന്നു കണ്ടെത്തി. ഒറ്റപ്പാലം സിഐ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അഭിനന്ദ് കൃഷ്ണന്, അഭിരാമി കൃഷ്ണന് എന്നീ രണ്ടു മക്കള്‍കൂടി ഇവര്‍ക്കുണ്ട്.
