രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍; അടുത്ത ദിവസങ്ങളില്‍ പ്രിയങ്കയും സോണിയയും ചേരും

ഗൂഡല്ലൂര്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍ പ്രവേശിക്കും. ഗുണ്ടല്‍പേട്ടില്‍ നിന്ന് രാവിലെ ഒമ്പത് മണിക്കാണ് പദയാത്ര തുടങ്ങുക. ഗൂഡല്ലൂരില്‍ നിന്ന് പുറപ്പെടുന്ന രാഹുല്‍ ഗാന്ധിയെ മേല്‍ കമ്മനഹള്ളിയില്‍ വെച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കും. കര്‍ണാടകയില്‍ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കും. കര്‍ഷക നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. കര്‍ണാടകയില്‍ നിയസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളില്‍ രാഹുലിന്റെ യാത്രയില്‍ പങ്കുചേരാന്‍ കര്‍ണാടകയിലെത്തും. 19 ദിവസത്തെ കേരള പര്യടനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗൂഡല്ലൂരിലെത്തിയത്.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ പാര്‍ട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോള്‍ രാജ്യമാകെ അതിന്റെ അലയൊലി ഉയര്‍ത്തനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോണ്‍ഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തില്‍ എത്തിയപ്പോള്‍ ആവേശം വാനോളമായി. പിആര്‍ വര്‍ക്ക്, കണ്ടെയ്‌നര്‍ യാത്ര, പൊറോട്ട യാത്ര എന്നൊക്കെ എതിരാളികള്‍ ആക്ഷേപിച്ചപ്പോഴും യാത്രയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു.
കേരളത്തില്‍ എത്തിയപ്പോള്‍ മുതല്‍ സിപിഎം പരിഹാസവും വിമര്‍ശനവും ഉയര്‍ത്തിയെങ്കിലും മുഖ്യ എതിരാളിയായി ബിജെപിയെ എടുത്ത് പറഞ്ഞായിരുന്നു രാഹുല്‍ മുന്നോട്ട് പോയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ 483 കിലോമീറ്റര്‍ പിന്നിട്ട യാത്രാ സഹായിച്ചെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍, യാത്രക്കിടെ ദേശീയ തലത്തില്‍ പാര്‍ട്ടി നേരിട്ടത് കടുത്ത പരീക്ഷണങ്ങളാണ്. ഗോവയില്‍ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയതിന്റെ ക്ഷീണം മാറും മുമ്പാണ് അധ്യക്ഷ സ്ഥാന പ്രതിസന്ധിയില്‍ പാര്‍ട്ടി ആടിയുലഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *