തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലിക്ക് മതഭീകരവാദ ശക്തികള്‍ സമീപകാലത്ത് കേരളത്തില്‍ നടത്തിയ ചില സംഭവങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ഇതിലെ പ്രധാന പ്രതി മതഭീകരവാദികളുമായി ബന്ധമുള്ളയാളാണ്. ഇത് വെറുമൊരു ബലിയല്ലെന്ന് ഉറപ്പാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഐഎസ് രീതിയിലാണ് കൊലകള്‍ നടന്നിരിക്കുന്നത്. ഐഎസ്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവര്‍ കേരളത്തില്‍ ഇപ്പോഴും സജീവമാണ്. ഈ കാര്യങ്ങളെ കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണം. പിഎഫ്‌ഐ നിരോധനത്തോട് തണുപ്പന്‍ സമീപനമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. മതതീവ്രവാദികള്‍ക്ക് ആവശ്യത്തിന് സമയം കൊടുക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിരോധനത്തിന് ശേഷം പിഎഫ്‌ഐ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുകയാണ് സിപിഎമ്മും മുസ്ലിംലീഗും ചെയ്തതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് ഈ നരബലികള്‍ നടന്നത് എന്നതാണ് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. ലോകത്തെ ഞെട്ടിച്ച കൊടുംക്രൂരത കാണിച്ച സിപിഎമ്മിന്റെ പ്രാദേശിക നേതാവ് കേരളത്തെ അപമാനിച്ചിരിക്കുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം മറുപടി പറയാത്തത്?
എന്തുകൊണ്ടാണ് സാംസ്കാരിക കേരളം ഇതിനെതിരെ പ്രതികരിക്കാത്തതെന്ന് മനസിലാകുന്നില്ല. ലിബറലുകള്‍ക്കും അര്‍ബന്‍ നക്സലുകള്‍ക്കും മിണ്ടാട്ടമില്ല. എവിടെയും മെഴുകുതിരി ജാഥയും പ്രതിഷേധങ്ങളും നടക്കുന്നില്ല. പ്രതികള്‍ സിപിഎമ്മുകാരനും മതതീവ്രവാദ സംഘക്കാരനുമായതാണ് ഇവരുടെ മൗനത്തിന് കാരണം. നവോത്ഥാന മതില്‍ കെട്ടിയവര്‍ തന്നെ നരബലി നടത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. നവോത്ഥാനത്തെ ചവിട്ടി മെതിക്കുകയാണ് സിപിഎം. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കള്‍ ഇയാള്‍ തങ്ങളുടെ പാര്‍ട്ടിക്കാരനാണെന്ന് സമ്മതിച്ചു കഴിഞ്ഞു. എംഎ ബേബി പച്ചക്കള്ളം പറയുകയാണ്. കേരളത്തില്‍ ശവംതീനികള്‍ ഉണ്ടാകുന്നതിന് കാരണം എന്താണെന്ന് സര്‍ക്കാര്‍ പഠിക്കണം. പാമ്ബിനെ കൊണ്ട് കൊത്തിക്കുന്നതും നരബലി നടത്തുന്നതും കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍, സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ് എന്നിവര്‍ സംബന്ധിച്ചു.
