റിയാദ്: ഒരു വര്‍ഷം മുമ്ബ് ബജാജ് ചേതക് സ്കൂട്ടറില്‍ ലോകം ചുറ്റാനിറങ്ങിയ മലയാളികളായ ബിലാലും അഫ്‌സലും സവാരിക്കിടെ റിയാദില്‍ എത്തി.
കെ.എല്‍. 14 എ.ബി. 3410 എന്ന കേരള രജിസ്ട്രേഷന്‍ നമ്ബറിലുള്ള 2000 മോഡല്‍ ബജാജ് ചേതക്കില്‍ സാഹസിക സവാരിക്ക് പുറപ്പെട്ട ഈ യുവാക്കള്‍ കാസര്‍കോട് നായ്മര്‍ മൂല സ്വദേശികളാണ്. ഇബ്രാഹീം ബിലാലിന് 21ഉം, മുഹമ്മദ് അഫ്‌സലിന് 22ഉം വയസ് ആണ് പ്രായം.
കഴിഞ്ഞ വര്‍ഷം നവംബറില്‍ കാസര്‍കോട്ട് നിന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പതാക വീശി ഉദ്ഘാടനം ചെയ്ത യാത്ര 16,800 കിലോമീറ്റര്‍ താണ്ടിയാണ് റിയാദില്‍ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇരുചക്രത്തില്‍ ചുറ്റി സഞ്ചരിച്ച ശേഷം വിമാന മാര്‍ഗം ദുബൈയിലെത്തി. സ്കൂട്ടര്‍ കപ്പലിലും ദുബൈയില്‍ എത്തിച്ചു. ശേഷം വീണ്ടും ഇരുചക്രമേറി യു.എ.ഇ പൂര്‍ണമായും ചുറ്റിയടിച്ചു. റോഡ് മാര്‍ഗം സ്കൂട്ടറോടിച്ച് സൗദി അറേബ്യയിലേക്ക് കടന്നു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍-അഹ്സ വഴിയാണ് റിയാദില്‍ എത്തിയത്. യാത്രകള്‍ക്ക് പലരും ഏറ്റവും പുതിയ സംവിധാനങ്ങളുള്ള മുന്തിയ വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്ന സമയത്ത്ത്‍ വളരെ പഴയൊരു ഇരുചക്ര വാഹനം തെരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത് പലരെയും അദ്ഭുതപ്പെടുത്തുന്നുണ്ടെന്ന് യുവാക്കള്‍ പറയുന്നു.
പ്ലസ്ടു പഠനം കഴിഞ്ഞ ബിലാലും എ.സി. മെക്കാനിക്ക് പരിശീലനം പൂര്‍ത്തീകരിച്ച അഫ്സലും ഒരു വലിയ സ്വപ്നത്തിന്റെ സാഫല്യം തേടിയാണ് ഇരുചക്ര വാഹനത്തില്‍ കയറി പുറപ്പെട്ടത്. മലയാളികളുടെ ഇരുചക്ര സവാരിയില്‍ നൊസ്റ്റാള്‍ജിയ പോലെ നിലകൊള്ളുന്ന ബജാജ് ചേതക്കില്‍ എന്തുകൊണ്ട് ലോകം ചുറ്റി കണ്ടുകൂടാ എന്ന ചിന്തയാണ് ഈ സാഹസപ്രവൃത്തിക്ക് അവരെ പ്രേരിപ്പിച്ചത്.
യാത്രക്ക് മുമ്ബ് ബജാജ് ചേതക് സ്കൂട്ടറുമായി ബന്ധപ്പെട്ട അത്യാവശ്യം അറ്റകുറ്റപ്പണികളെ പറ്റി ഇവര്‍ പരിശീലനം നേടി. വണ്ടി കേടായി വഴിയില്‍ കിടക്കാന്‍ പാടില്ലല്ലോ. എന്നാലും പഴയ വാഹനം തെരഞ്ഞെടുക്കുമ്ബോള്‍ ഇടക്ക് പണിമുടക്കുമോ എന്നൊരു ഭയം ഇരുവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ 16,800 കിലോമീറ്റര്‍ യാത്ര ചെയ്ത് കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസമായി. ഇതിനിടയില്‍ ഒരു തടസ്സവും വാഹനത്തില്‍ നിന്ന് നേരിടേണ്ടി വന്നില്ല. ഇടക്ക് ക്ലച്ചും പ്ലക്കും മാറിയെന്നതൊഴിച്ചാല്‍ ബജാജ് ചേതക്ക് പുലിയെന്നാണ് യുവാക്കളുടെ ഭാഷ്യം.
യാത്രക്കിടയില്‍ ഒരു തവണ ഇരു ടയറുകളും മാറ്റിയിരുന്നു. ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ ഒരു ടയര്‍ കൂടെ കരുതിയിട്ടുണ്ട്. ദിവസം 300 മുതല്‍ 350 കിലോമീറ്റര്‍ വരെയാണ് യാത്രചെയ്യുക. പഴയ വാഹനം എന്നതിനാല്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ മാത്രമേ യാത്രചെയ്യാനാകൂ. യു.എ.ഇയിലോ സൗദിയിലോ ഒരു തരത്തിലുമുള്ള യാത്രാതടസ്സങ്ങള്‍ ഉണ്ടായില്ലെന്നും അതിര്‍ത്തികളില്‍ സ്‌നേഹപൂര്‍ണമായ സമീപനമായിരുന്നെന്നും അഫ്സല്‍ പറഞ്ഞു.
പഴയ വാഹനം എന്നതിനാല്‍ ആറ് ലിറ്റര്‍ പെട്രോള്‍ മാത്രമേ അടിക്കാന്‍ കഴിയൂവെന്നും അഞ്ചു ലിറ്റര്‍ കൂടെ കരുതിയുമാണ് യാത്രയെന്നും അവര്‍ പറഞ്ഞു. ദമ്മാം, ജിദ്ദ, അബഹ, മക്ക, മദീന തുടങ്ങിയ പട്ടണങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ജോര്‍ഡാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ആഫ്രിക്കന്‍ വന്‍കരയിലേക്ക് കടക്കും. എമിറേറ്റ് ഫസ്റ്റ് എന്ന കമ്ബനിയാണ് ഇവരുടെ യാത്ര സ്‌പോണ്‍സര്‍ ചെയ്യുന്നത്. വീട്ടുകാരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും യാത്രക്ക് അത് കൂടുതല്‍ പ്രോത്സാഹനമാകുന്നുണ്ടെന്നും ബിലാലും അഫ്സലും ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തങ്ങള്‍ക്കും വാഹനത്തിനും ഒരേ പ്രായമാണെന്നും ഇവര്‍ പറയുന്നു.
