‘ഗവര്‍ണര്‍ക്കെതിരെ ഹര്‍ജി നിലനില്‍ക്കില്ല; ചാന്‍സലര്‍ക്കെതിരെ ഹര്‍ജി നല്‍കാം’: ഹൈക്കോടതി

കൊച്ചി: ഗവര്‍ണര്‍ക്കെതിരെയാണ് ഹര്‍ജിയെങ്കില്‍ നിലനില്‍ക്കില്ലെന്നു സര്‍ക്കാരിനോടു ഹൈക്കോടതി. ചാന്‍സലര്‍ക്കെതിരെ ഹര്‍ജി നല്‍കാമെന്നും കോടതി വ്യക്തമാക്കി. സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനം ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഗവര്‍ണറുടെ നടപടിയെയാണു സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത് എന്നു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്. ചാന്‍സലര്‍ കൂടിയാണ് ഗവര്‍ണറെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
ഇതുപോലെയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു കേസ് പരിഗണിക്കുന്നതിനിടെ കോടതിയുടെ നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്കാണു പ്രഥമ പരിഗണന. അവരുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം സദുദ്ദേശ്യത്തോടെയാണ് സിസ തോമസിന്റെ നിയമനം നടത്തിയതെന്നായിരുന്നു ഗവര്‍ണറുടെ വാദം. സീനിയോറിറ്റിയില്‍ നാലാം സ്ഥാനത്തായിരുന്നു സിസ തോമസ്. സാങ്കേതിക സര്‍വകലാശാലയില്‍ യോഗ്യരായവര്‍ ഇല്ലായിരുന്നെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലേക്ക് ആവശ്യം ഉന്നയിച്ചു രണ്ട് കത്തുകള്‍ വന്നിരുന്നതായും തുടര്‍ന്നാണ് തന്റെ നിയമനം നടന്നതെന്നും സിസ തോമസ് വ്യക്തമാക്കി.
അതേസമയം സീനിയോരിറ്റിയില്‍ സിസ തോമസിനു പത്താം സ്ഥാനമാണ് ഉള്ളതെന്നാണു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ശുപാര്‍ശകള്‍ തള്ളിയതിന്റെ കാരണംപോലും വ്യക്തമാക്കപ്പെട്ടില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. താല്‍ക്കാലിക വൈസ് ചാന്‍സലറുടെ നിയമനത്തിലും പ്രഫസറെന്ന നിലയില്‍ പത്തു വര്‍ഷത്തെ അധ്യാപന പരിചയം വേണമെന്നത് നിര്‍ബന്ധമാണെന്നായിരുന്നു യുജിസി കോടതിയെ അറിയിച്ചത്. പ്രോ വൈസ് ചാന്‍സലര്‍ക്കു വിസിയുടെ അധികാരം നല്‍കാനാകില്ലെന്നും സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനാവില്ലെന്നും യുജിസി കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ കോടതി വ്യക്തത തേടിയിരുന്നു.
സര്‍ക്കാരിന്റെ മൂന്ന് ശുപാര്‍ശകളും തള്ളപ്പെട്ടാല്‍ ചാന്‍സലര്‍ക്ക് സ്വന്തം നിലയില്‍ നടപടികളുമായി മുന്നോട്ടു പോകാമെന്നു ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. മൂന്നു ശുപാര്‍ശകളാണ് സര്‍ക്കാര്‍ നല്‍കിയതെന്നും ചാന്‍സലര്‍ കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *