മലപ്പുറം: മാരക രോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി(എസ്.എം.എ)ബാധിച്ച കുഞ്ഞിന്റെ ചികില്‍സക്ക് സഹായം തേടി യെമന്‍ കുടുംബം പാണക്കാട്ടെത്തി.യെമന്‍ പൗരന് യാസീന്‍ അഹമ്മദ് അലി-തുണീസ് അബ്ദുല്ല ദമ്പതികളാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കാണാനെത്തിയത്. ഏക മകന് ഹാഷിം യാസീന്റെ ചികിത്സക്കു സഹായം അഭ്യര്‍ത്ഥിച്ചായിരുന്നു സന്ദര്‍ശനം.
കുഞ്ഞിന് പൂനെയിലെ ആശുപത്രിയില്‍ ചികില്‍സ നല്‍കാനാണ് സെപ്തംബറില്‍ ദമ്പതികള്‍ ഇന്ത്യയില്‍ എത്തിയത്.ഏഴുവര്‍ഷം മുമ്പ് യമനില്‍ ഒരുമിച്ചു ജോലി ചെയ്ത പത്തനംതിട്ട കോഴഞ്ചേരി നെടിയത്ത് വീട്ടില്‍ ശ്രീജ, ഭര്‍ത്താവ് ഉല്ലാസ് എന്നിവരുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നു.കുട്ടിയുടെ ചികില്‍സക്ക് ഭീമമായ ചെലവു വന്നതോടെയാണ് ഇവര്‍ സഹായം ആവശ്യമാണെന്ന കാര്യം ശ്രീജയെയും ഉല്ലാസിനെയും അറിയിച്ചത്.അവരാണ് പാണക്കാട് കുടുംബവുമായി ബന്ധപ്പെട്ട എന്തെങ്കിലും സഹായം ലഭിക്കുന്നതിന് വഴിതേടിയത്.കഴിഞ്ഞ നവംബര്‍ മൂന്നിന് യെമന്‍ ദമ്പതികള്‍ കേരളത്തിലെത്തി.ശ്രീജയുടെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്.
കുട്ടിയുടെ രോഗവും മാതാപിതാക്കളുടെ ജീവിത സാഹചര്യങ്ങളും ചോദിച്ചറിഞ്ഞ സാദിഖലി തങ്ങള്‍ സര്‍ക്കാര്‍ മുഖേനയും മറ്റു മാര്‍ഗങ്ങള്‍ വഴിയും കുട്ടിയുടെ ചികിത്സക്കുള്ള തുക സ്വരൂപിക്കാന്‍ ശ്രമിക്കാമെന്ന് ഉറപ്പു നല്കി. കേരളത്തിലുള്ളവര്‍ നല്ല മനസിനുടമകളാണെന്നും പാണക്കാട് തങ്ങളുടെ ഇടപെടല്‍ പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്നും യമന്‍ പൗരന് യാസീന്‍ അഹമ്മദ് അലി പറഞ്ഞു. ശ്രീജയും ഭര്‍ത്താവ് ഉല്ലാസും കാട്ടൂര്‍ പുത്തംപള്ളി മഹല്ല് ജമാഅത്ത് പ്രതിനിധികളും യമനി കുടുംബത്തിനൊപ്പം പാണക്കാട്ടെത്തിയിരുന്നു.
