‘കുടുക്കിയത് അമ്ബിളി; ഇതെന്റെ രണ്ടാം ജന്മം’; നരബലിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി

തനിക്കുണ്ടായ ദുരനുഭവം ട്വന്റിഫോറുമായി പങ്കുവച്ച്‌ തിരുവല്ലയില്‍ നരബലിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി. തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാണെന്നും, ഇത് തന്റെ രണ്ടാം ജന്മമാണെന്നും യുവതി പറഞ്ഞു.

‘ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല ഈ സംഭവം. ഇതെന്റെ രണ്ടാം ജന്മമാണ്. ഗുണ്ടകളുടെ കൈയിലുണ്ടാവില്ലേ വലിയ വടിവാള്‍ കത്തി ? അതുപോലെ ഒരു കത്തി കൈയിലുണ്ടായിരുന്നു’- യുവതി പറഞ്ഞു.

തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കര്‍മ്മം നടന്നത്. കൊച്ചിയില്‍ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതി തലനാരിഴയ്ക്കാണ് നരബലിയില്‍ നിന്ന് രക്ഷപെട്ടത്. അമ്ബിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയില്‍ എത്തിച്ചത്.

ഡിസംബര്‍ 8 ന് അര്‍ധരാത്രിയാണ് സംഭവം നടന്നത്. ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് കളം വരച്ച്‌ ശരീരത്തില്‍ പൂമാലകള്‍ ചാര്‍ത്തി. മന്ത്രവാദി വലിയ വാളെടുത്ത ശേഷം യുവതിയെ ബലി നല്‍കാന്‍ പോകുന്നു എന്ന് പറഞ്ഞു. ഇതെസമയം ഇടനിലക്കാരി അമ്ബിളിയുടെ പരിചയക്കാരന്‍ വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി. ഉടന്‍ യുവതി മുറിയില്‍ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താന്‍ അഭ്യര്‍ത്ഥിച്ചു. പുറത്ത് നിന്ന് വന്നയാള്‍ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി മൊഴി നല്‍കി. കുടര്‍ന്ന് രാവിലെ തന്നെ യുവതി കൊച്ചിക്ക് തിരിച്ചു പോവുകയായിരുന്നു.

സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നരബലി ശ്രമത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *