സജിചെറിയാന് വീണ്ടും മന്ത്രിയാകാന്‍ തടസമില്ല; മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് തള്ളാനാകില്ലെന്ന് നിയമോപദേശം

സജി ചെറിയാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് തള്ളാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു.

ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വ്യക്തത തേടാം.സ്റ്റാന്റിംഗ് കൗണ്‍സിലിനോടാണ് ഗവര്‍ണര്‍ ഉപദേശം തേടിയത്.ഗവര്‍ണര്‍ നാളെ വൈകീട്ട് തലസ്ഥാനത്ത് എത്തും. ഗവര്‍ണറുടെ തീരുമാനം എന്താകുമെന്ന് കാത്തിരിക്കുകയാണ് സര്‍ക്കാര്‍.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം സെക്രട്ടറിയറ്റ് യോഗത്തിലാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച്‌ തീരുമാനം എടുത്തത്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.

ജൂലൈ മൂന്നിനാണ് ഭരണഘടനയെ വിമര്‍ശിച്ച്‌ സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ജൂലൈ ആറിന് രാജിവെച്ചു. കേസ് അന്വേഷിച്ച പൊലീസ് വക ക്ലീന്‍ ചിറ്റ് ലഭിച്ചു. ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത് കൊണ്ട് സജി ചെറിയാനെതിരെ കേസ് നിലനില്‍ക്കില്ലെന്നും നിയമോപദേശം പൊലീസ് തിരുവല്ല കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസ് അവസാനിപ്പിക്കാന്‍ പൊലീസ് നല്‍കിയ അപേക്ഷയില്‍ കോടതി തീരുമാനം ഔദ്യോഗികമായി വരാനുണ്ടെങ്കിലും അതില്‍ മറ്റ് പ്രശ്നങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സജി ചെറിയാന്‍റെ തിരിച്ച്‌ വരവ്.

Leave a Reply

Your email address will not be published. Required fields are marked *