കോഴിക്കോട്> ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ യോജിച്ച ശബ്ദം ഉയര്‍ത്തേണ്ടിടത്ത് സര്‍ഗാത്മകതയുടെ പേര് പറഞ്ഞ് മൂകസാക്ഷികളാവുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എതിര്‍ക്കേണ്ടതിനെ തുറന്ന് എതിര്‍ക്കാന്‍ കഴിയണം. ഇത്തരം ഘട്ടങ്ങളില്‍ നിശബ്ദത നന്നാവില്ലെന്നും മുജാഹിദ് സംസ്ഥാന സമ്മേളന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.
മതവിശ്വാസം ഏതെങ്കിലും രീതിയില്‍ വര്‍ഗീയതയുമായി താദാത്മ്യം പ്രാപിക്കുന്ന ഒന്നല്ല. എന്നാല്‍ വര്‍ഗീയമായി ജനതയെ ഭിന്നിപ്പിക്കാന്‍ മതത്തെ ഉപയോഗിക്കുയാണ് ബിജെപി. ചിലയിടത്ത് ചില ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കുകയാണവര്‍. മറുഭാഗത്ത് പ്രബലമായ രണ്ട് ന്യൂനപക്ഷവിഭാഗങ്ങള്‍ ഹീനമായി അക്രമിക്കപ്പെടുകയാണ്. ഇതിന് പറ്റിയ സാമൂഹ്യഅന്തരീക്ഷമില്ലാത്തിടത്ത് അവരെ തമ്മിലടിപ്പിക്കാനാണ് ശ്രമം.
തെറ്റായ ചില വാദഗതികള്‍ ഈ സമ്മേളനത്തില്‍ തന്നെ ഉയര്‍ന്നതായി അറിയാന്‍ കഴിഞ്ഞു. ഇവിടെ എന്റെ ഒരു സുഹൃത്ത് നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം കാണാനിടയായി. അദ്ദേഹം ബംഗാളില്‍ 34 വര്‍ഷത്തിന് ശേഷം സിപിഐ എമ്മിന് അധികാരം നഷ്ടമായ കഥ പറയുന്നുണ്ട്. ന്യൂനപക്ഷ സമ്മേളനത്തില്‍ വന്ന് സിപിഐ എമ്മിനെതിരെയാണോ സംസാരിക്കേണ്ടത്. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. വര്‍ഗീയതയോട് നാം സ്വീകരിക്കേണ്ട നിലപാടാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്. അദ്ദേഹം പറയുന്നത് സംഘപരിവാരത്തെ നമ്മള്‍ നേരിടുമെന്നാണ്. ഇന്ന് ഇന്ത്യ നേരിടുന്ന വിപത്ത് അങ്ങിനെ നമ്മള്‍ക്ക് മാത്രമായി നേരിടാവുന്നതല്ല എന്ന് തിരിച്ചറിയണം. അല്ലാത്ത പക്ഷം അത് സ്വയം കുഴിയില്‍ ചെന്ന് വീഴുന്നതിന് തുുല്യമാവും. മഴുവോങ്ങി നില്‍ക്കുന്നവന് കഴുത്തുകാട്ടരുത്.
ആര്‍എസ്‌എസിന്റേയും സംഘപരിവാരത്തിന്റേയും ആശയങ്ങള്‍ ഭരണതലത്തില്‍ നടപ്പാക്കാനാണ് നീക്കം.എല്ലാം കൈപ്പിടിയിലൊതുക്കാന്‍ ഒതുക്കാനുള്ള നീക്കം കാണാതിരുന്നുകൂട. ഇതിനെല്ലാമെതിരെ ഒരുമിച്ച് എതിര്‍പ്പുയര്‍ത്തേണ്ട ഘട്ടത്തില്‍ തെറ്റായ ചിത്രം വരച്ചുകാട്ടരുത്. ന്യൂനപക്ഷങ്ങളില്‍ പെട്ട ചിലര്‍ ഈ ഭീഷണിയെ സ്വയം നേരിട്ടുകളയാമെന്ന ധാരണയില്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. അത് ആത്മഹത്യാപരമാണ്. മതനിരപേക്ഷ ചിന്താഗതിക്കാരെയെല്ലാം ഒരുമിച്ച് നിര്‍ത്തുകയാണ് വേണ്ടത്. ഭിന്നത മൂര്‍ചിഛിപ്പിക്കുന്ന തരത്തിലുള്ള ഇടപെടല്‍ ഗുണകരമാവില്ല. ഇന്ത്യയില്‍ ഒരു മതവും മറ്റൊന്നിന് മുകളിലും കീഴിലുമല്ല. എന്നാല്‍ ഈ കാഴ്ചപ്പാടിനെ നിയമനിര്‍മാണങ്ങളിലൂടെയും അധികാരം ഉപയോഗിച്ചും അട്ടിമറിക്കാനാണ് ശ്രമം. പൗരത്വനിയമദേഭഗതി പോലുള്ളവ ഇന്ത്യയില്‍ സംഭവിക്കാന്‍ പാടില്ലാത്താണ്. മതന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഇന്ത്യയില്‍ പാലിക്കപ്പെട്ടേ മതിയാകൂ. എല്ലാ പൗരന്മാര്‍ക്കും നിര്‍ഭയത്തോടെ ജീവിക്കാനാകണം. വേര്‍തിരിവും ഭേദചിന്തയുമില്ലാത്ത ഇടമായി മാറാന്‍ കഴിയണം.
സാമൂഹ്യനവീകരണത്തിന്റെ പാത പിന്തുടര്‍ന്നവരാണ് കെഎന്‍എമ്മിന്റെ മുന്‍ഗാമികള്‍. മുസ്ലീം ഐക്യസംഘം പോലുള്ള പ്രസ്ഥാനങ്ങളും സാമൂഹ്യപരിഷ്കര്‍ത്താക്കളും കേരളീയ നവോത്ഥാനത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ചരിത്രപുസ്തകങ്ങളില്‍ നിന്ന് ഇത്തരം ഇടപെടലുകളെയാകെ അടര്‍ത്തിമാറ്റാനും സമാന്തരചരിത്രം നിര്‍മിക്കാനുമാണ് ശ്രമം. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശവും എഴുത്ത് സ്വാതന്ത്ര്യവും നിഷേധിക്കുകയും മലയാളം നരകത്തിലേക്കുള്ള ഭാഷയായി പ്രചരിപ്പിക്കുകയും ചെയ്തപ്പോള്‍ അതിനെതിരെ നിലപാടെടുത്തത് സമുദായത്തിലെ സാമൂഹ്യപരിഷ്കര്‍ത്താക്കളായിരുന്നു.
പാരമ്ബര്യമുള്ള സംഘടന എന്ന നിലയില്‍ കെഎന്‍എമ്മിന് ശക്തമായി ഇടപെടാനാവണം. കേരളത്തെ വിജ്ഞാനസമൂഹമായും നൂതനത്വമുള്ള ജനതയായും പരിവര്‍ത്തിപ്പിക്കാനാകണം. സ്ത്രീകളുടെ വിമോചനം സാധ്യമാവാതെ തുല്യപങ്കാളിത്തമുള്ള സമൂഹം കെട്ടിപ്പടുക്കാനാവില്ല. സാമൂഹ്യപരിഷ്കരണത്തിനായി രൂപീകരിക്കപ്പെട്ട ചില പ്രസ്ഥാനങ്ങള്‍ സാമുദായിക സ്വത്വത്തിലേക്ക് ഒതുങ്ങുന്ന അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
