ഭാവിയിലെ തിരിച്ചടികള്‍ സര്‍ക്കാര്‍ ചുമലിലിട്ട് ഗവര്‍ണര്‍ തടിയൂരി

തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ ഭാവിയില്‍ എന്ത് തിരിച്ചടിയുണ്ടായാലും അതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാറിന്‍റെയും മുഖ്യമന്ത്രിയുടെയും ചുമലിലിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍.

മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശിപാര്‍ശ വിയോജിപ്പുകളോടെയാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ വരെ നിലനിന്ന അനിശ്ചിതത്വത്തിന് വിരാമമായത് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലൂടെയായിരുന്നു. ഈ വിഷയത്തില്‍ ഭാവിയില്‍ എന്ത് തിരിച്ചടിയുണ്ടായാലും ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമായിരിക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ ഫോണില്‍ അറിയിച്ചു. താന്‍ ഭരണഘടനപരമായ കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രമാണെന്ന് ഗവര്‍ണര്‍ പരസ്യമായി പറഞ്ഞതും കൃത്യമായ കണക്കുകൂട്ടലോടെയാണ്.

ഭരണഘടനവിരുദ്ധ പ്രസംഗത്തിന്‍റെ പേരിലുള്ള കേസ് അവസാനിക്കുന്നതിന് മുമ്ബാണ് സജിയുടെ മടക്കം. അതിനാല്‍ കോടതി നിലപാട് നിര്‍ണായകം. സജി ചെറിയാനെതിരെ കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷം ആലോചിക്കുന്നതായും സൂചനയുണ്ട്. ആ സാഹചര്യത്തില്‍ ഭാവിയില്‍ ഈ പുനഃപ്രവേശനം നിയമവെല്ലുവിളി സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

സത്യപ്രതിജ്ഞക്ക് അനുമതി നല്‍കിയെങ്കിലും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ കൂടുതല്‍ വ്യക്തത വരുത്തും. മുഖ്യമന്ത്രിയോട് പല ചോദ്യങ്ങളും ഗവര്‍ണര്‍ ഉന്നയിച്ചതായാണ് വിവരം.

കോടതിയില്‍ കേസുള്ളതിനാല്‍ സത്യപ്രതിജ്ഞ നടത്തുന്നത് ഉചിതമാണോ എന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആരാഞ്ഞു. സജി ചെറിയാനെ മന്ത്രിയാക്കുന്നതില്‍ നിയമ തടസ്സമില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. പൊലീസ് റിപ്പോര്‍ട്ട് അനുകൂലമാണെന്നും വ്യക്തമായ നിയമോപദേശം ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ തീരുമാനം മാറ്റിയതെന്നാണ് വിവരം. ഭരണഘടനയെ വിമര്‍ശിച്ചതിന് സ്ഥാനമൊഴിയേണ്ടിവന്നത് അസാധാരണമാണെന്നാണ് ഗവര്‍ണറുടെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *