ഡിവൈഎസ്പി ഷാജിയുടെ സഹായിയുടെ മോചനം ഗവര്‍ണര്‍ തടഞ്ഞു

തിരുവനന്തപുരം: മൂന്നാം ഭാര്യയുടെ കാമുകനെ ക്രൂരമായി കൊലപ്പെടുത്തി മൃതശരീരം കഷണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിച്ച കേസില്‍ മുന്‍ ഡിവൈഎസ്പി ഷാജിയുടെ സഹായിയെ വിട്ടയയ്ക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ല.

എന്നാല്‍, രാഷ്ട്രീയ കൊലപാതക കേസുകളില്‍ അടക്കം ജീവപര്യന്തം കഠിന തടവിനു ശിക്ഷിക്കപ്പെട്ടവരില്‍ ശിക്ഷാ കാലയളവു പൂര്‍ത്തിയാക്കിയ ഏഴു പേരെ വിട്ടയയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.

ഡിവൈഎസ്പി ഷാജിക്കൊപ്പം അരുംകൊലപാതകത്തില്‍ പങ്കെടുത്ത കേസിലെ രണ്ടാം പ്രതി ബിനുവിന്‍റെ മോചന നിര്‍ദേശമാണു ഗവര്‍ണര്‍ തള്ളിയത്. ജയില്‍ മോചിതരാകേണ്ടവരുടെ ജയില്‍ ഉപദേശക സമിതി നല്‍കിയ ശിപാര്‍ശയില്‍ ബിനുവിന്‍റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും അടങ്ങിയ സമിതി നല്‍കിയ ശിപാര്‍ശയില്‍ കൊടും ക്രൂരത ചെയ്ത ബിനുവിനെ വിട്ടയ്ക്കുന്നതിനെ അനുകൂലിച്ചില്ല.

ഈ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ബിനുവിന്‍റെ മോചന ഫയലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നത്. 2005 ഫെബ്രുവരി 15നാണ് ഡിവൈഎസ്പി ഷാജി അടക്കമുള്ള പ്രതികളെ കോടതി ശിക്ഷിച്ചത്. ഷാജിയും ജയില്‍ മോചനത്തിനായി നീക്കം നടത്തിയിരുന്നു.

വിട്ടയയ്ക്കുന്ന തടവുകാരില്‍ കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കിയ മലപ്പുറത്തെ മൂന്നു കോണ്‍ഗ്രസുകാരുമുണ്ട്. മുസ്‌ലിംലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ കാലയളവു പൂര്‍ത്തിയാക്കിയ മൂന്നു കോണ്‍ഗ്രസുകാരടക്കം ഏഴുപേരും ഇതോടെ ജയില്‍ മോചിതരാകും.

Leave a Reply

Your email address will not be published. Required fields are marked *