ഒറ്റരാത്രികൊണ്ട് 50,000 പേരെ പിഴുതെറിയാന്‍ കഴിയില്ല; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി

ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തടഞ്ഞു .

‘ ഒറ്റരാത്രി കൊണ്ട് 50,000 പേരെ വേരോടെ പിഴുത് മാറ്റാന്‍ കഴിയില്ല. ഇത് മാനുഷീക പരിഗണന നല്‍കേണ്ട വിഷയമാണ്. പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട് ‘ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് തടഞ്ഞുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്ന ആളുകളെ കുടിയൊ‍ഴിപ്പിക്കാന്‍ അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്ന് പറയുന്നത് ശരിയല്ല എന്നും സുപ്രീംകോടതി ചൂണ്ടി കാട്ടി.

ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ സായുധ പോലീസിനെ ഉപയോഗിക്കാമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ സുപ്രീം കോടതി രംഗത്ത് വരികയായിരുന്നു. ഈ പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുപ്രീം കോടതി നിര്‍ത്തിവച്ചു. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേയില്‍ നിന്നും ഉത്തരാഖണ്ഡ് സര്‍ക്കാരില്‍ നിന്നും സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേസ് അടുത്ത മാസം വീണ്ടും കോടതി പരിഗണിക്കും.

ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷന് സമീപത്തായി ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടമാണ് ഈ ഭൂപ്രദേശം. വീടുകള്‍ കൂടാതെ നാല് സര്‍ക്കാര്‍ സ്കൂളുകള്‍, 11 സ്വകാര്യ സ്കൂളുകള്‍, ബാങ്ക്, രണ്ട് ഓവര്‍ഹെഡ് വാട്ടര്‍ ടാങ്കുകള്‍, 10 മുസ്ലീം പള്ളികള്‍, നാല് ക്ഷേത്രങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും ഈ പ്രദേശത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *