കൊല്ലം: കൊല്ലത്ത് യുവതി കൊല്ലപ്പെട്ടത് പീഡന ശ്രമത്തിനിടെയെന്ന് പൊലീസ്. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി അഞ്ചല്‍ ലക്ഷംവീട് കോളനിയിലെ നാസു (24) നെതിരെ കൊലപാതക കുറ്റം കൂടി ചുമത്തി. ഇയാള്‍ യുവതിയുടെ മൊബൈലും പണവും കവര്‍ന്നെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊല്ലം ബീച്ചില്‍വച്ച് പരിചയപ്പെട്ട യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മല്‍പ്പിടിത്തത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഡിസംബര്‍ 29ന് കൊല്ലം ബീച്ചില്‍വച്ച് പരിചയപ്പെട്ട കേരളാപുരം സ്വദേശിനിയായ യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇതിനിടെ യുവതിക്ക് അപസ്മാരം വന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. യുവതിയുടെ ശരീരത്തില്‍ ബ്ലേഡുപയോഗിച്ചു മുറിവുണ്ടാക്കിയതായും ഇയാള്‍ മൊഴി നല്‍കിയിരുന്നു. ബുധനാഴ്ച രാവിലെ റെയില്‍വേ കെട്ടിടത്തില്‍നിന്നു ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. പൂര്‍ണനഗ്‌നമായ മൃതദേഹം അഴുകിയ നിലയിലായിരുന്നു.
