മനന്തവാടി: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം ഉണ്ടായി. കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മാനന്തവാടി വാളാട് പുതുശ്ശേരി വെള്ളാരംകുന്നിലാണ് കടുവാ ആക്രമണമുണ്ടായത്. പള്ളിപ്പുറത്ത് സാലുവിനാണ് കടുവയുടെ കടിയേറ്റത്.
ഇയാളെ ആദ്യം വയനാട് മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്‍റെ കാലിന്റെ എല്ലടക്കം കടുവയുടെ ആക്രമത്തില്‍ തകര്‍ന്നിട്ടുണ്ട്. സാലുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതിനിടെ കടുവാ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വാളാട് വെള്ളാരംകുന്നില്‍ നാട്ടുകാര്‍ വനം വകുപ്പ് ജീവനക്കാരെ തടഞ്ഞു വച്ചു.
വനപാലകര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവ കാട്ടിലേക്ക് തിരികെ പോയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം കടുവ വീണ്ടുമെത്തിയേക്കുമോയെന്ന ഭയത്തിലാണ് നാട്ടുകാര്‍.
ഇന്നു രാവിലെ പത്ത് മണിയോടെ പ്രദേശവാസിയായ നടുപ്പറമ്ബില്‍ ലിസി എന്നായാളാണ് വാഴത്തോട്ടത്തിന് സമീപം ആദ്യം കടുവയെ കണ്ടത്. തുടര്‍ന്ന് ആലക്കല്‍ ജോമോന്റെ വയലിലും കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.
വെള്ളമുണ്ടയില്‍ നിന്നുള്ള വനപാലക സംഘമടക്കമുള്ളവര്‍ സ്ഥലത്ത് തെരച്ചില്‍ നടത്തുന്നു. പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. സാലുവിലെ ആക്രമിച്ചത് കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
