ഭാരത് ജോഡോയുടെ അനുബന്ധമായുള്ള ഗൃഹസമ്ബര്‍ക്കത്തില്‍ പങ്കാളികളാകാത്തവര്‍ക്ക് പുനസംഘടനയില്‍ ഇടമില്ല; കെ സി വേണുഗോപാല്‍

ഭാരത് ജോഡോയുടെ അനുബന്ധമായി ഗൃഹസമ്ബര്‍ക്കം സംഘടിപ്പിക്കുമെന്നും അതില്‍ പങ്കാളികളാകാത്തവര്‍ക്ക് പുനസംഘടനയില്‍ ഇടമുണ്ടായിരിക്കില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

ചര്‍ച്ചക്ക്‌ സ്വാതന്ത്ര്യം ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആര്‍ക്ക് എന്ത് പറയാന്‍ ഉണ്ടെങ്കിലും പാര്‍ട്ടി യോഗങ്ങളില്‍ പറയണം. പാര്‍ട്ടിക്കെതിരായ എതിരാളികളുടെ നീക്കം കൂടുതല്‍ കരുതി ഇരിക്കേണ്ടത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള സംസാരം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസ്ഥയ്ക്ക് ആരും അവസരം ഒരുക്കരുത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയാകുമ്ബോള്‍ ഭിന്നതകള്‍ സ്വാഭാവികമാണ്. അത് എല്ലാ പാര്‍ട്ടികളിലും ഉണ്ടാകാറുണ്ട്. എന്നാല്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ തയ്യാറാകണാം. പാര്‍ട്ടിയില്‍ എന്ത് പറയണം, പാര്‍ട്ടിക്ക് പുറത്ത് എന്ത് പറയണം എന്നത് ആലോചിച്ചു വേണം ഓരോരുത്തരും പ്രതികരിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കള്ളക്കടത്തിന്റെയും ലഹരിക്കടത്തിന്റെയും ആളുകളായി സിപിഐഎം നേതാക്കള്‍ കേരളത്തില്‍ വിലസുകയാണെന്നും കെ.സി ആരോപിച്ചു.

ഇന്നലെ ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടീവില്‍ കോണ്‍ഗ്രസ് എം.പി ടി എന്‍ പ്രതാപന് നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇനി സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പറയാന്‍ നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ എവിടെ മല്‍സരിക്കുമെന്ന് പറയുന്നതും പകരക്കാരനെ കണ്ടെത്തുന്നതും നോക്കി നില്‍ക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ തുറന്നടിച്ചു.

സംഘടനയെ നോക്കുകുത്തിയാക്കുന്നത് ആരായാലും വച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മുന്നറിയിപ്പ്. ഇനി ലോക്സഭാ സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും പകരക്കാരെ കണ്ടെത്തണമെന്നുമുള്ള തരത്തില്‍ എന്‍ പ്രതാപന്‍ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെയാണ് കെ.സുധാകരന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

പരസ്യ പ്രസ്താവനകള്‍ക്ക് കടിഞ്ഞാണ്‍ വേണമെന്ന് കെപിസിസി എക്‌സിക്യൂട്ടീവില്‍ അഭിപ്രായം ഉയര്‍ന്നു. സ്വയം സ്ഥാനാര്‍ഥികള്‍ ആവുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും സംഘടനാ ചട്ടക്കൂട് എല്ലാവര്‍ക്കും ബാധകമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ആര്, എവിടെ മത്സരിക്കണമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. സ്വന്തം നിലയില്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ പാര്‍ട്ടി സംവിധാനം എന്തിനെന്നും അംഗങ്ങള്‍ ചോദിച്ചു.

പുനഃസംഘടനയില്‍ വീഴ്ച പാടില്ലെന്നാണ് നിര്‍വാഹക സമിതി യോഗത്തില്‍ അംഗങ്ങള്‍ വ്യക്തമാക്കിയത്. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന് എ കെ ആന്റണി തുറന്നടിച്ചു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം പാര്‍ട്ടി തന്നെ പ്രഖ്യാപിക്കുന്നതാണ് കോണ്‍ഗ്രസിലെ രീതി. അത് എല്ലാവര്‍ക്കും ബാധകമെന്നും ശശി തരൂരിനെ ഉന്നമിട്ട് ആന്റണി സൂചിപ്പിച്ചു.

സ്വന്തം നിലയില്‍ തീരുമാനം പ്രഖ്യാപിക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും കെപിസിസി എക്‌സിക്യൂട്ടീവില്‍ എ കെ ആന്റണി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിനെപ്പറ്റി ഇപ്പോള്‍ ചര്‍ച്ചകള്‍ വേണ്ടെന്നും സ്ഥാനാര്‍തിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും വ്യക്തമാക്കി. മടുത്തുവെങ്കില്‍ എം പിമാര്‍ക്ക് മാറിനില്‍ക്കാമെന്നും, പക്ഷെ അന്തിമ തീരുമാനം സ്വയം പ്രഖ്യാപിക്കണ്ടെന്നും എം എം ഹസ്സന്‍ തുറന്നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *