വയനാട്: നാഗര്‍ഹോള കടുവാ സങ്കേതത്തില്‍ പരിക്കേറ്റ നിലയില്‍ കാണപ്പെട്ട ആനക്കുട്ടിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തെഴുതിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വയനാടിന്റെ കാര്യം ഓര്‍മിച്ച് കര്‍ഷക സംഘടനയായ കിഫ (കേരള ഇന്‍ഡിപെന്റന്റ് ഫാര്‍മേഴ്സ് അസോസിയേഷന്‍).
കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ഏഴില്‍ അധികം വളര്‍ത്തുമൃഗങ്ങളെയാണ് വയനാട്ടില്‍ കടുവ കൊന്നുകളഞ്ഞതെന്നും കിഫ ചൂണ്ടിക്കാട്ടി. ആനയും കടുവയും കൊന്നതും പരിക്കേല്‍പ്പിച്ചതുമായ മനുഷ്യരുടെ വീടുകളിലേക്ക്, വന്യമൃഗങ്ങള്‍ മൂലം കൃഷി നാശം സംഭവിച്ച് കടക്കണിയില്‍ ആയ കര്‍ഷകരുടെ ഇടയിലേക്ക് കടന്നു ചെല്ലാന്‍ താങ്കള്‍ക്ക് താല്പര്യം ഇല്ലായിരിക്കാം എങ്കിലും താങ്കളെ ജയിപ്പിക്കാന്‍ വോട്ടു തരുന്നത് ആനയും കടുവയുമല്ല, മനുഷ്യരാണെന്ന് മറക്കരുതെന്നും കിഫ ഓര്‍മിപ്പിച്ചു.
കിഫയുടെ കുറിപ്പ്
എം പി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ പ്രവര്‍ത്തനങ്ങളുടെ മഹത്വം മനസ്സിലാക്കിയ വോട്ടര്‍മാര്‍ യുക്തിപരമായ തീരുമാനത്തിലെത്തിയപ്പോള്‍, ഒരു സുരക്ഷിത സ്ഥലം തേടിയെത്തിയ താങ്കളെ രാജ്യത്തിനുവേണ്ടി ജീവന്‍ ബലി കഴിച്ച താങ്കളുടെ മുത്തശ്ശിയുടെയും പിതാവിന്റെയും സ്മരണയില്‍, ചെറുപ്രായത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ട ഒരു കുട്ടിയോടുള്ള വാത്സല്യം മുഴുവന്‍ ചേര്‍ത്തുനിര്‍ത്തി വോട്ട് ചെയ്ത് ജയിപ്പിച്ച വയനാട്ടിലെ ജനങ്ങള്‍ കടുവയെ കൊണ്ടും കാട്ടാനയെ കൊണ്ടും സിംഹം ഒഴിച്ച് ലിസ്റ്റില്‍ പേര് ചേര്‍ത്തിട്ടുള്ള ബാക്കിയെല്ലാ വന്യമൃഗങ്ങളെ കൊണ്ടും യുക്തി ബോധമില്ലാത്ത പരിസ്ഥിതി ഭ്രാന്തന്മാരെ കൊണ്ടും അടിസ്ഥാനപരമായ ജീവിത സാഹചര്യങ്ങള്‍ പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്ന വയനാട്ടിലെ മനുഷ്യരുടെ കാര്യം നാഗര്‍ നാഗര്‍ഹോളയിലെ ആനക്കുട്ടിയുടെ കാര്യം പരിഗണിക്കുന്നതിനിടയില്‍ സമയം കിട്ടിയാല്‍ അങ്ങ് ഓര്‍ക്കുക എങ്കിലും ചെയ്യണം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ മാത്രം ഏഴില്‍ അധികം വളര്‍ത്തുമൃഗങ്ങളെയാണ് ബത്തേരിക്കടുത്ത് പാഴൂര്‍ എന്ന ഒറ്റ സ്ഥലത്ത് മാത്രം കടുവ കൊന്നുകളഞ്ഞത്. ഒരുകാലത്ത് കാര്‍ഷിക മേഖലയുടെ പിന്‍ബലത്തോട് സമ്ബല്‍സമൃദ്ധിയില്‍ ആയിരുന്ന വയനാട്ടില്‍ വന്യമൃഗ ശല്യം ഇല്ലാത്ത ഒരിടം പോലും അവശേഷിക്കുന്നില്ല. ഓരോ തവണ വന്യമൃഗ ആക്രമണങ്ങള്‍ ഉണ്ടാവുമ്ബോഴും ഒരു കുടുംബത്തിന്റെ വരുമാന മാര്‍ഗ്ഗമാണ് ഇല്ലാതാവുന്നത് അതോടെ ആ കുടുംബത്തിന്‍െറ മുഴുവന്‍ സ്വപ്നങ്ങളും ഒരു പരിധിവരെ അസ്തമിക്കുകയാണ്. ഒരു കോടീശ്വരനായി രാജ്യത്തെ പ്രധാനമന്ത്രിയുടെ മകനായി ജനിച്ചു വീണ അങ്ങേയ്ക്ക് ഈ കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും കഥകള്‍ എത്രത്തോളം മനസ്സിലാകും എന്ന് അറിയില്ല.
ആനയും കടുവയും കൊന്നതും പരിക്കേല്‍പ്പിച്ചതുമായ മനുഷ്യരുടെ വീടുകളിലേക്ക്, വന്യമൃഗങ്ങള്‍ മൂലം കൃഷി നാശം സംഭവിച്ച് കടക്കണിയില്‍ ആയ കര്‍ഷകരുടെ ഇടയിലേക്ക് കടന്നു ചെല്ലാന്‍ താങ്കള്‍ക്ക് താല്പര്യം ഇല്ലായിരിക്കാം എങ്കിലും താങ്കളെ ജയിപ്പിക്കാന്‍ വോട്ടു തരുന്നത് ആനയും കടുവയുമല്ല, മനുഷ്യരാണെന്ന് മറക്കരുത്.
കാട്ടില്‍ മതി കാട്ടുനീതി
