കൊച്ചി: ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ കേരള സര്‍വകലാശാല സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.
ഗവര്‍ണരുടെ നടപടി നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് സെനറ്റംഗങ്ങളുടെ ആവശ്യം. എന്നാല്‍, താന്‍ നാമനിര്‍ദേശം ചെയ്ത സെനറ്റംഗങ്ങള്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയപെട്ടതിനെ തുടര്‍ന്നാണ് പുറത്താക്കിയതെന്ന് ഗവര്‍ണര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവരാണെങ്കിലും സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ സെനറ്റംഗങ്ങള്‍ക്ക് അവകാശമുണ്ടെന്ന വാദമാണ് ഇന്നലെ വാദം നടക്കവെ സര്‍ക്കാര്‍ കോടതിയില്‍ അവകാശപ്പെട്ടത്. നിയമപ്രകാരം നോട്ടീസ് നല്‍കിയാണോ അംഗങ്ങളെ പുറത്താക്കിയതെന്ന കാര്യത്തില്‍ ചാന്‍സലറായ ഗവര്‍ണറുടെ മറുപടി കോടതി തേടിയിട്ടുണ്ട്.
അതേസമയം, കെടിയുവില്‍ വിസിയെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാണ്. തീരുമാനമെടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്തെങ്കിലും മിനുട്സില്‍ വിസി സിസ തോമസിന് ഒപ്പിടാനിടയില്ല. ഇന്ന് ചേരുന്ന സെനറ്റ് യോഗത്തില്‍ വീണ്ടും തര്‍ക്കത്തിന് സാധ്യതയുണ്ട്. സര്‍വകലാശാലകളുടെ ദൈനംദിന കാര്യങ്ങളില്‍ വിസിയെ സഹായിക്കാനെന്ന പേരില്‍ പി.കെ ബിജു അദ്ധ്യക്ഷനായി നാലംഗ ഉപസമിതിയെ സര്‍ക്കാര്‍ വച്ചത് ഗവണര്‍ നിയമിച്ച വിസിയെ നിയന്ത്രിക്കാനുള്ള ഗൂഢ തന്ത്രമാണ്.
