ശബരിമലയില്‍ ഭക്തരെ പിടിച്ചു തള്ളിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ശബരിമലയില്‍ ശ്രീകോവിലിനു മുന്നില്‍ തൊഴാന്‍ നിന്ന ഭക്തരെ ദേവസ്വം ഗാര്‍ഡ് പിടിച്ചു തള്ളിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്.

ഭക്തരെ പിടിച്ചു തള്ളാന്‍ അനുമതി കൊടുത്തിരുന്നോയെന്ന് ദേവസ്വം ബോര്‍ഡിനോട് ക്ഷോഭത്തോടെ കോടതി ചോദിച്ചു. ഭക്തരുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആരോപണവിധേയന് എങ്ങനെ കഴിഞ്ഞെന്നു ചോദിച്ച കോടതി മറ്റുപലരും ഭക്തരെ നിയന്ത്രിക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു. സംഭവം നീതികരിക്കാനാകാത്തതാണ്. ആരോപണവിധേയന്‍ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയത് എന്നും കോടതി ചോദിച്ചു.

ആരോപണ വിധേയനായ ദേവസ്വം ഗാര്‍ഡിനെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. തിരുവനന്തപുരം മണക്കാട് ദേവസ്വം വാച്ചറായ അരുണ്‍ കുമാര്‍ ആണ് സന്നിധാനത്ത് ഭക്തരോട് അപമര്യാദയായി പെരുമാറിയത്. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. ദേവസ്വം ഗാര്‍ഡിനെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറോടും നിര്‍ദേശിച്ചു. അപമര്യാദയായി പെരുമാറിയ ദേവസ്വം ഗാര്‍ഡിനെതിരെ നടപടിയെടുത്തുവെന്നു സെക്യൂരിറ്റി ഓഫിസര്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ഹര്‍ജി പരിഗണിച്ച കോടതി സ്പെഷല്‍ കമ്മിഷണറോ പൊലീസിനും വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഉച്ചകഴിഞ്ഞ് വീണ്ടും കേസ് പരിഗണിക്കുമ്ബോള്‍ ശബരിമല സ്പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വാച്ചറുടെ വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് കോടതിക്കു കൈമാറി. ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫിസറും റിപ്പോര്‍ട്ട് നല്‍കി.

മകരവിളക്ക് ദിവസമായ ശനിയാഴ്ചയായിരുന്നു വിവാദമായ സംഭവം.തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പനെ കാണാന്‍ വരി നിന്ന ഭക്തരെയാണ് ഇയാള്‍ ബലമായി തള്ളിമാറ്റിയത്. സോപാനത്ത് മുന്നിലെ ത്തെ വരിയില്‍ നിന്ന് ദര്‍ശനം നടത്തിയവരെയാണ് ഇയാള്‍ പിടിച്ചുതള്ളിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് നടപടിയെടുത്തത്. വിഷയം ഹൈക്കോടതി ജനുവരി 24 ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *