കൊച്ചി: വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് ട്രാവല്‍ ഏജന്‍സി ജീവനക്കാരിയുടെ കഴുത്തറത്തു.
തൊടുപുഴ സ്വദേശി സൂര്യക്കു നേരെയാണു ആക്രമണമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പെരുമ്ബടപ്പ് ചക്കനാട്ട്‌പറമ്ബ് ജോളി ജെയിംസി(46)നെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
രവിപുരത്തെ റെയ്‌സ് ട്രാവല്‍സില്‍ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു അക്രമം. വിസയ്‌ക്കായി ട്രാവല്‍സ് ഉടമ മുഹമ്മദ് അലിക്കു യുവാവ് പണം നല്‍കിയിരുന്നു. വിസ ലഭിക്കാത്തതിനെത്തുടര്‍ന്നു പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ല. ട്രാവല്‍സ് ഉടമയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവാവ് ഓഫീസില്‍ വന്നതെന്നും എന്നാല്‍, ഉടമ സ്‌ഥലത്തില്ലെന്നു പറഞ്ഞതോടെ യുവതിയെ ആക്രമിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
തര്‍ക്കത്തിനിടെ, ജോളി ജെയിംസ് കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ചു സൂര്യയെ ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ മുറിവേറ്റ സൂര്യ ഇറങ്ങിയോടി അടുത്തുള്ള ഹോട്ടലില്‍ കയറി. സ്‌ഥലത്തെത്തിയ പോലീസാണു സൂര്യയെ ആശുപത്രിയിലെത്തിച്ചത്. ജോളിയെ സംഭവസ്‌ഥലത്തുനിന്നു തന്നെ അറസ്‌റ്റ് ചെയ്‌തു.
കോവിഡിനു മുമ്ബു 2019 ല്‍ പള്ളുരുത്തി ലിത്വാനിയയിലേക്കു വര്‍ക്ക് വിസ നല്‍കാമെന്നു പറഞ്ഞ് മുഹമ്മദ് അലി അഞ്ചു ലക്ഷം രൂപ വാങ്ങിയെന്നും എന്നാല്‍, വിസ ലഭിച്ചില്ലെന്നുമാണു യുവാവിന്റെ മൊഴി.
കുത്തിയശേഷം കാത്തിരുന്നത് ഉടമയെത്താന്‍
കൊച്ചി: രവിപുരത്ത് വിസാത്തട്ടിപ്പിന് ഇരയായ യുവാവ് ലക്ഷ്യമിട്ടത് റെയ്‌സ് ട്രാവല്‍സ് ഉടമ ആലുവ സ്വദേശി മുഹമ്മദ് അലിയെ. ജീവനക്കാരിയായ സൂര്യയ്‌ക്കു കുത്തേല്‍ക്കുന്ന സമയത്തു സ്‌ഥലത്തുണ്ടായിരുന്ന മുഹമ്മദ് അലി, തൊട്ടുപിന്നാലെ വാഹനം എടുക്കാതെ അവിടെനിന്നു മുങ്ങിയെന്നു സമീപത്തെ കടകളിലുള്ളവര്‍ പറയുന്നു. സ്വന്തം കാര്‍ പോലും എടുക്കാതെ സ്‌ഥലത്തു നിന്നു രക്ഷപ്പെടുകയായിരുന്നത്രെ. ഇയാള്‍, പിന്നീട് പോലീസില്‍ കീഴടങ്ങി മൊഴി നല്‍കിയിട്ടുണ്ട്. യുവതിക്കു ശസ്‌ത്രക്രിയ നടത്തി.
റെയ്‌സ് ട്രാവല്‍സ് ഉടമയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് എത്തിയതെന്നു പ്രതി ജോളിയുടെ മൊഴി. യുവതിയെ കുത്തുമ്ബോള്‍ സ്‌ഥാപന ഉടമ എത്തുമെന്നും അപ്പോള്‍ അയാളെയും ആക്രമിക്കാമെന്നുമാണു പ്രതീക്ഷിച്ചത്. യുവതിയെ കുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിക്കാതെ അവിടെത്തന്നെ തുടര്‍ന്നത് ഉടമ എത്തുന്നതിനു വേണ്ടിയാണെന്നും ജോളി മൊഴി നല്‍കി.
കുത്തേറ്റതിനു പിന്നാലെ യുവതി സ്‌ഥാപനത്തിന്റെ നേരെ എതിര്‍ഭാഗത്തുള്ള ഹോട്ടലിലേക്കാണു ചോരയൊലിക്കുന്ന മുറിവുമായി ഓടിക്കയറിയത്. വിവരമറിഞ്ഞു ഹോട്ടല്‍ ജീവനക്കാര്‍ ചെല്ലുമ്ബോള്‍ പ്രതി സ്‌ഥലത്തു തന്നെയുണ്ടായിരുന്നു.
എന്തിനാണ് ഇതു ചെയ്‌തതെന്ന ചോദ്യത്തിന്, തന്റെ പണം തട്ടിയെടുത്തതിനാണെന്നും ഉടമയെയാണു ലക്ഷ്യമിട്ടതെന്നും ജോളി മറുപടി നല്‍കി. വടിവാള്‍ സംഘടിപ്പിക്കാന്‍ നോക്കിയെങ്കിലും ലഭിച്ചില്ലെന്നും കിട്ടിയതു കത്തിയായതിനാലാണ് ഇതുമായി വന്നതെന്നും ജോളി പറഞ്ഞത്.
വാങ്ങിയത് 34,400 രൂപയെന്ന് ഉടമ
ലിത്വാനിയയിലേക്കു വര്‍ക്ക് വീസ നല്‍കുന്നതിനായി ജോളിയില്‍നിന്നു വാങ്ങിയതു 34,400 രൂപയാണെന്നും ഇതു തിരികെ നല്‍കിയെന്നും റെയ്‌സ് ട്രാവല്‍ ബ്യൂറോ ഉടമ മുഹമ്മദ് അലി പറയുന്നു.
ജോളിക്ക് ഒരു വര്‍ഷത്തേക്കുള്ള വിസ ശരിയായെങ്കിലും കോവിഡ് പ്രതിസന്ധി ഉണ്ടായതോടെ പോകാന്‍ സാധിച്ചില്ല. ഒരു വര്‍ഷം പിന്നിട്ടതോടെ വിസ കാലാവധി അവസാനിച്ചു. പിന്നീട് ജോളി ജെയിംസ് വിസ വേണ്ടെന്നും സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്നും പറഞ്ഞു പണം തിരികെ വാങ്ങി. എന്നാല്‍ ഇയാള്‍ക്കൊപ്പം അപേക്ഷിച്ചവര്‍ വിസയ്‌ക്കായി ബംഗളൂരുവില്‍ പോയെങ്കിലും അപേക്ഷ തള്ളപ്പെട്ടു.
ഇതിനിടെ പലപ്രാവശ്യം ജോലി ഒഴിവുണ്ടോ എന്നു ചോദിച്ചു വരാറുണ്ടായിരുന്നു. ഇന്നു വന്നപ്പോഴും താന്‍ സ്‌ഥലത്തില്ല, അല്‍പ സമയത്തിനകം എത്തുമെന്ന് അറിയിച്ചു. ഈ സമയത്താണു യുവതിക്കു നേരേ ആക്രമണമുണ്ടായത്. യുവാവിനു മാനസികരോഗമാണ്.- മുഹമ്മദ് അലി പറഞ്ഞു.
