ബി.ബി.സി ഡോക്യുമെന്ററി: ആന്‍റണിയുടെ മകന്‍ കോണ്‍ഗ്രസിന് തലവേദന

തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി നിലപാട് തള്ളിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.

ആന്‍റണിയുടെ മകനും കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ ആന്റണിയുടെ നടപടി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഇത് ചര്‍ച്ചയായതോടെ അനിലിനെ തള്ളി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

ഡോക്യുമെന്‍ററിക്ക് രാജ്യത്ത് പ്രഖ്യാപിച്ച അപ്രഖ്യാപിത വിലക്കിനെതിരെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത് കണക്കിലെടുക്കാതെയാണ് അനില്‍ വിരുദ്ധനിലപാട് സ്വീകരിച്ചത്. ഡോക്യുമെന്ററി വിവാദം കേരളത്തില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും മത്സരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രതികരണം അനിലില്‍നിന്നുണ്ടായത്.

അനിലിന്‍റെ വാക്കുകള്‍ എതിരാളികള്‍ക്ക് ആയുധം നല്‍കുന്നതാണെന്ന് തിരിച്ചറിഞ്ഞതോടെ കടുത്ത പ്രതികരണമാണ് കെ.പി.സി.സി, യൂത്ത് കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍നിന്ന് ഉണ്ടായത്. കെ.പി.സി.സി ഡിജിറ്റല്‍ സെല്ലിന്‍റെ പുനഃസംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് അനിലിന്‍റെ പേരെടുത്ത് പറയാതെ കെ. സുധാകരന്‍ പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് നിലപാട് പറയേണ്ടത് സംസ്ഥാന പ്രസി‍ഡന്റാണെന്ന് ഷാഫി പറമ്ബിലും പറഞ്ഞു. അനിലിനെതിരെ നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു. മറ്റു മുതിര്‍ന്ന നേതാക്കള്‍ പരസ്യവിമര്‍ശനം നടത്തിയില്ലെങ്കിലും കടുത്ത അമര്‍ഷത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *