ആകാശയാത്രയ്ക്കിടയില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് ഒടുവില്‍ വിമാനത്തില്‍ സുഖപ്രസവം. ടോക്യോയില്‍ നിന്നും ദുബായിലേക്കുള്ള യാത്രയ്ക്കിടയിലാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
കൃത്യസമയത്ത് യുവതിക്കു വേണ്ട സൗകര്യങ്ങള്‍ വിമാന ജീവനക്കാര്‍ ഒരുക്കിയതോടെ അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്.
ജനുവരി 19 നായിരുന്നു സംഭവം. ദുബായ് എമിറേറ്റ്സ് ഫ്ലൈറ്റ് EK 319 ല്‍ ടോക്യോയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രയിലായിരുന്നു യുവതി. 12 മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടയില്‍ യുവതിക്ക് അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. മെഡിക്കല്‍ അടിയന്തരാവസ്ഥ ഉണ്ടായിരുന്നിട്ടും ഷെഡ്യൂള്‍ സമയത്തു തന്നെ ലാന്‍ഡ് ചെയ്തതായി എയര്‍ലൈന്‍ സിഎന്‍എന്നിനോട് സ്ഥിരീകരിച്ചു.
വിമാനത്തിലെ ജീവനക്കാരുടെ സമചിത്തതയോടെയുള്ള ഇടപെടലാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കാതിരുന്നത്. അമ്മയേയും കുഞ്ഞിനേയും വിമാനം ലാന്‍ഡ് ചെയ്യുന്നത് വരെ ജീവനക്കാര്‍ പരിപാലിച്ചു. നേരത്തേ അറിയിച്ചതു പ്രകാരം വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ മെഡിക്കല്‍ ഉദ്യോഗസ്ഥരെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.
എമിറേറ്റ്‌സിന്റെ നയമനുസരിച്ച്, ഗര്‍ഭിണികള്‍ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ 29ാം ആഴ്ച്ച വരെ വിമാനയാത്ര നടത്താം. 29 ആഴ്ച്ച പിന്നിട്ട ഗര്‍ഭിണികള്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ ഡോക്ടറുടേതോ അല്ലെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കാം. ഇവ കൈവശമില്ലാത്ത യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിക്കില്ല.
