ട്രക്കില്‍നിന്നു കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂള്‍ കണ്ടെത്തി

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ട്രക്കില്‍നിന്നു നഷ്ടപ്പെട്ട റേഡിയോ ആക്ടീവ് കാപ്സ്യൂള്‍ കണ്ടെത്തി.

കാപ്സ്യൂള്‍ വഹിച്ചിരുന്ന ട്രക്ക് 1,400 കിലോമീറ്റര്‍ ദൂരം പിന്നിട്ടശേഷമാണ് കാപ്സ്യൂള്‍ നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഒരു പയറിന്‍റെ മാത്രം വലുപ്പമുള്ള അതിമാരകമായ റേഡിയോ ആക്ടീവ് കാപ്സ്യൂള്‍ ഗ്രേറ്റ് നോര്‍ത്തേണ്‍ ഹൈവേയില്‍ ന്യൂമനു സമീപത്തുനിന്നാണു കണ്ടെത്തിയത്.

70 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന തെരച്ചില്‍ വാഹനമാണു കാപ്സ്യൂളില്‍നിന്നുള്ള റേഡിയോ ആക്ടീവ് വികിരണം പിടിച്ചെടുത്തത്. പിന്നീട്, മറ്റൊരു ഉപകരണം ഉപയോഗിച്ച്‌ റോഡിന്‍റെ വശത്തുനിന്നു സാധനം കണ്ടെത്തി.

ട്രക്ക് സഞ്ചരിച്ച ഹൈവേയില്‍ ആറു ദിവസം തെരച്ചില്‍ നടത്തിയ ശേഷമാണ് എട്ടു മില്ലിമീറ്റര്‍ നീളവും ആറു മില്ലിമീറ്റര്‍ വീതിയുമുള്ള കാപ്സ്യൂള്‍ കണ്ടെത്തിയത്. വൈക്കോല്‍ കൂനയില്‍ മൊട്ടുസൂചി തപ്പുന്നതിനു സമാനമായിരുന്നു ദൗത്യമെന്ന് ദുരന്തനിവാരണ വകുപ്പുമന്ത്രി സ്റ്റീഫന്‍ ഡോസണ്‍ പറഞ്ഞു.

സീസിയം 137 മൂലകമടങ്ങിയ കാപ്സ്യൂളാണു നഷ്ടപ്പെട്ടത്. റേഡിയേഷന്‍ ഗേജുകളില്‍ ഉപയോഗിക്കുന്ന കാപ്സ്യൂളില്‍നിന്നു മണിക്കൂറില്‍ പത്ത് എക്സ്റേയ്ക്കു തുല്യമായ റേഡിയോ ആക്ടീവ് വികരണം പുറത്തുവരും. പൊള്ളലിനും അര്‍ബുദത്തിനും ഇതു കാരണമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *