ജനവാസമേഖലയില്‍ കാട്ടാന ശല്യം പതിവാകുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം ഇന്ന് ഇടുക്കിയിലെത്തും.
ശല്യമുണ്ടാക്കുന്ന ആനയെ മയക്കുവെടി വയ്ക്കുന്നത് ഉള്‍പ്പെടെ ആര്‍ആര്‍ടി സംഘത്തിന്റെ പരിഗണനയിലുണ്ട്. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ അക്രമകാരികളായ ആനകളെ സംഘം നിരീക്ഷിക്കും. (wild elephant attack rrt from Wayanad will reach Idukki today )
ആനകള്‍ ജനജീവിതം ദുസഹമാക്കുകയും വീടുകളും കടകളും തകര്‍ക്കുകയും ചെയ്തതോടെയാണ് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഇടുക്കിയിലേക്ക് ആര്‍ആര്‍ടി സംഘം എത്തുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജനകീയ പ്രതിഷേധമുയര്‍ന്നതോടെ സര്‍വകക്ഷി യോഗം ഉള്‍പ്പെടെ നടന്നിരുന്നു.
ചിന്നക്കനാലില്‍ കാട്ടാനകള്‍ വീട് തകര്‍ക്കുകയും വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു. ചിന്നക്കനാലിലെ ഒരു റേഷന്‍കടയും അരിക്കൊമ്ബന്‍ എന്ന കാട്ടാന തകര്‍ത്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകര്‍ക്കുന്നത്. കഴിഞ്ഞ മാസം നാലാമത്തെ തവണയാണ് ഇവിടെ ആന ഇറങ്ങുന്നത്.
