പുന:സംഘടനയെ ചൊല്ലി പത്തനംതിട്ട കോണ്‍ഗ്രസില്‍ പോര് രൂക്ഷമാകുന്നു. ഡി.സി.സി പ്രസിന്‍റിന്റെ മുറിയുടെ കതക് ചവിട്ടിപ്പൊളിക്കാന്‍ മുന്‍ പ്രസിഡന്റ് ശ്രമിച്ചതിന്‍്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.
കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചയില്‍ എ ഗ്രൂപ്പ് ഉടക്കിപ്പിരിഞ്ഞതിനു പിന്നാലെയാണ് യോഗം ചേര്‍ന്ന ഓഫീസിന്റെ വാതില്‍ ചവിട്ടി തുറക്കാന്‍ മുന്‍ ഡി.സി.സി. പ്രസിഡന്റ് ശ്രമിച്ചത്.
അടൂര്‍ പ്രകാശ് എം.പി, ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്ബില്‍, ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.എം. നസീര്‍ എന്നിവര്‍ പങ്കെടുത്ത യോഗം ഡി.സി.സി. പ്രസിഡന്റിന്റെ മുറിയില്‍ നടക്കവെയാണ് യോഗത്തില്‍ നിന്ന് ഇറങ്ങിവന്ന ഡി.സി.സി. മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജ് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചത്.
ഡി.സി.സി. പുനഃസംഘടനയില്‍ അഭിപ്രായ രൂപീകരണത്തിനായി ശനിയാഴ്ച നടന്ന യോഗത്തിനിടെയാണ് സംഭവമുണ്ടായത്. എ ഗ്രൂപ്പിന്റെ പ്രമുഖ നേതാക്കളായ മുന്‍ എം.എല്‍.എ. എ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, മുന്‍ ഡി.സി.സി. പ്രസിഡന്റ് ബാബു ജോര്‍ജ് എന്നിവര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
സംഘടനാ നടപടിയെടുത്ത് മാറ്റിനിര്‍ത്തിയവരെക്കൂടി പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന ഇവരുടെ ആവശ്യം നിലവിലെ ഡിസിസി പ്രസിഡന്റായ സതീഷ് കൊച്ചുപറമ്ബില്‍, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു എന്നിവര്‍ തള്ളിക്കളഞ്ഞു. ഇതിനെ തുടര്‍ന്നാണ് അവിടെനിന്ന് ഇറങ്ങിപ്പോയത്. എന്നാല്‍ വീണ്ടും തിരിച്ചെത്തി ബാബു ജോര്‍ജ് യോഗം നടക്കുന്ന മുറിയുടെ കതക് ചവിട്ടിത്തുറക്കുകയായിരുന്നു.
യോഗത്തില്‍നിന്ന് ആദ്യം ഇറങ്ങിവന്ന ശിവദാസന്‍ നായര്‍ മുറയിലേക്ക് നോക്കി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ദൃശ്യത്തിലുണ്ട്. പിന്നീട് ഇദ്ദേഹം ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയി. ആദ്യം മുറിയില്‍ നിന്ന് ഇറങ്ങിവന്ന മോഹന്‍രാജ് നേരത്തെ തന്നെ ഓഫീസ് വിട്ടിരുന്നു. സ്ഥലത്തുതന്നെ തുടര്‍ന്ന ബാബു ജോര്‍ജ് യോഗത്തില്‍ ഉണ്ടായിരുന്നവരുമായി വീണ്ടും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. യോഗത്തില്‍ തുടര്‍ന്നവരിലൊരാള്‍ വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് ബാബു ജോര്‍ജ് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചത്.
