ഉദ്ഘാടനം കഴിഞ്ഞ മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആന്‍ഡ് എമര്‍ജന്‍സി മെഡിസിനിലെ അഞ്ച് വിഭാഗങ്ങള്‍ വകുപ്പ് മേധാവികള്‍ക്ക് കൈമാറി.
കാര്‍ഡിയോ വാസ്കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജി എന്നീ വിഭാഗങ്ങളാണ് കൈമാറിയത്. യൂറോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്‌പ്ലാന്റ് സര്‍ജറി വിഭാഗം അടുത്ത ദിവസം കൈമാറും. തിയറ്ററുകള്‍ ഹൈടെക് നിലവാരത്തിലുള്ളതായതിനാല്‍ ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് തൊട്ടുമുമ്ബ് നടത്തേണ്ടേ മോട്ടീവ് വാല്യുവേഷനാണ് ഇപ്പോള്‍ നടത്തുന്നത്. തിയേറ്ററിലെ ഊഷ്മാവും മര്‍ദവും ക്രമീകരിക്കലും അണുവിമുക്തമാക്കലുമാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്‌ധരുടെ റിപ്പോര്‍ട്ട് അടുത്ത ദിവസം ലഭ്യമാകും. ഇവിടെയുള്ള തിയേറ്ററുകള്‍, പരിശോധനാ യന്ത്രങ്ങള്‍, ജല, വൈദ്യുതി വിതരണം എന്നിവയിലുണ്ടാകുന്ന തകരാറുകള്‍ നിര്‍ണയിക്കാനുള്ള ബില്‍ഡിങ്ങ് മാനേജ്‌മെന്റ് സിസ്‌റ്റത്തില്‍ മൂന്നുപേരെ നിയമിച്ചു. അടുത്ത ദിവസംതന്നെ അത്യാഹിതവിഭാഗം പൂര്‍ണമായി ഇവിടേക്ക് മാറ്റുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഇ വി ഗോപി പറഞ്ഞു. പൂര്‍ണമായും മാറ്റിയാലും പഴയ അത്യാഹിതവിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവരെ കുറച്ചുകാലം നിലനിര്‍ത്തും. അറിയാതെ ഇവിടെ എത്തുന്നവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനാണിതെന്നും അദ്ദേഹം പറഞ്ഞു.
