കണ്ണൂര്‍: 25 വര്‍ഷത്തിന് ശേഷം സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിനെത്തിയ യുവതി പഴയ കാമുകനോടൊപ്പം നാടുവിട്ടതായി പൊലീസ് കേസ്.
കണ്ണൂരിലെ കണ്ണപുരത്താണ് സംഭവം. 41 കാരിയായ വീട്ടമ്മയാണ് സ്കൂളിലെ കാമുകനൊപ്പം നാടുവിട്ടതെന്ന് പരാതിയില്‍ പറയുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തിയത്. ഇതില്‍ പങ്കെടുക്കാനെത്തിയ വീട്ടമ്മ തന്റെ പഴയ കാമുകനെ കണ്ടുമുട്ടി. വീട്ടമ്മ മുന്‍സഹപാഠിയുമായി വീണ്ടും അടുപ്പത്തിലാവുകയും ഇരുവരും നാടുവിടുകയുമായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
പട്ടുവം സ്വദേശിനിയാണ് മുന്‍സഹപാഠിക്കൊപ്പം നാടുവിട്ടത്. പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിനായി പോയ ഭാര്യയെ രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പട്ടുവത്ത് തന്നെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത യുവാവിനെയും കാണാനില്ലെന്ന് മനസിലാക്കിയത്.
തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇരുവരും മലപ്പുറത്തുള്ളതായി അറിയാന്‍ കഴിഞ്ഞതായാണ് വിവരം. ഇവരെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
