ബ്രഹ്മപുരം ; തീ അണഞ്ഞാലും ജാഗ്രത തുടരും

കൊച്ചി

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക ശമിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ 95 ശതമാനത്തിലധികം പൂര്‍ത്തിയായതായി കലക്‌ടര്‍ എന്‍ എസ്‌ കെ ഉമേഷ് പറഞ്ഞു.

തിങ്കള്‍ പുലര്‍ച്ചെയോടെ സമ്ബൂര്‍ണശമനമാകും. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ സെക്ടര്‍ ഏഴിലെ അഗ്നി രക്ഷാസേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയശേഷമാണ്‌ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്‌.

ശേഷിക്കുന്ന ഭാഗങ്ങളിലെ ചെറിയ തീ അണയ്‌ക്കുന്നതിലാണ്‌ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിട്ടുള്ളത്‌. തീപിടിക്കാന്‍ സാധ്യതയുള്ള വാതകങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചെറിയ തീക്ക്‌ സാധ്യതയുണ്ട്‌. അത്‌ നേരിടാന്‍ പ്രത്യേക കര്‍മപദ്ധതി ഉണ്ടാക്കും. പുക പൂര്‍ണമായി ശമിച്ചാലും അഗ്നി രക്ഷാസേന സ്ഥലത്ത്‌ തുടരും. കാവല്‍ക്കാര്‍, ക്യാമറകള്‍ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കും. റീജണല്‍ ഫയര്‍ ഓഫീസര്‍ ജെ എസ് സുജിത്‌കുമാര്‍, കൊച്ചി കോര്‍പറേഷന്‍ അഡീഷണല്‍ സെക്രട്ടറി വി പി ഷിബു എന്നിവരും കലക്ടര്‍ക്കൊപ്പം ഉണ്ടായി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
വടവുകോട്—പുത്തന്‍കുരിശ്, കിഴക്കമ്ബലം, കുന്നത്തുനാട് പഞ്ചായത്തുകള്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, കളമശേരി മുനിസിപ്പാലിറ്റികള്‍, കൊച്ചി നഗരസഭ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകയുടെ തോത്‌ കുറഞ്ഞെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ്‌ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്‌. അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടന്‍, ഡേ കെയര്‍ കേന്ദ്രങ്ങള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്‌. എസ്‌എസ്‌എല്‍സി, വിഎച്ച്‌എസ്‌ഇ, പ്ലസ് വണ്‍, പ്ലസ്ടു പൊതുപരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *