
രണ്ടാംഭാര്യയ്‌ക്കൊപ്പം കൂടുതല്‍ സമയം ചിലവിടുന്നതില്‍ പ്രകോപിതനായി അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊന്നു. ഹെെദരാബാദ് രാമനാഥപുര്‍ സ്വദേശിയായ പാണ്ഡു സാഗറിനെയാണ് (54) മകന്‍ പവന്‍ (23) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
പാണ്ഡു സാഗര്‍ രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസിക്കുന്നതും തങ്ങള്‍ക്ക് പണം നല്‍കാത്തതും കാരണമാണ് പവന്‍ കൊലപാതകം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച വെെകിട്ട് സാഗര്‍ വാടകയ്ക്ക് നല്‍കിയ ഉപ്പാളിലെ ഫ്ളാറ്റില്‍ വച്ചായിരുന്നു കൊലപാതകം. ഫ്ളാറ്റിലെത്തിയ പവനും അച്ഛനും തമ്മില്‍ വഴക്കുണ്ടായി. ഇതിനുപിന്നാലെ മകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ സാഗര്‍ തല്‍ക്ഷണം മരിച്ചു. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിറ്റേദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പവന്‍ ഉള്‍പ്പെടെ മൂന്ന് ആണ്‍മക്കളാണ് സാഗറിന്റെ ആദ്യവിവാഹത്തിലുള്ളത്. നാലുവര്‍ഷം മുന്‍പായിരുന്നു സാഗറിന്റെ രണ്ടാംവിവാഹം. എന്നാല്‍ അടുത്തിടെയായി സാഗര്‍ രണ്ടാംഭാര്യയ്‌ക്കൊപ്പം കൂടുതല്‍ സമയം ചിലവിടുന്നതായി മക്കളും ആദ്യഭാര്യയും പരാതിപ്പെട്ടു. സാഗര്‍ തങ്ങളെ സന്ദര്‍ശിക്കാന്‍ വരാറില്ലെന്നും പണമൊന്നും നല്‍കാറില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. പണം മുഴുവന്‍ രണ്ടാംഭാര്യയ്ക്ക് നല്‍കുന്നുവെന്നായിരുന്നു പവന്റെയും കുടുംബാംഗങ്ങളുടെയും സംശയം. ഇതോടെയാണ് അച്ഛനെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ തിരക്കാന്‍ പവന്‍ ഉപ്പാളിലെ ഫ്‌ളാറ്റിലെത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.