ലക്‌നൗ: ഓണ്‍ലൈന്‍ ഗെയിമില്‍ നിന്നുണ്ടായ കടം തീര്‍ക്കാന്‍ മാതാവിനെ കൊലപ്പെടുത്തി മകന്‍. ഉത്തര്‍പ്രദേശിലെ ഫത്തേപുരിലാണ് സംഭവം.
മാതാവിന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫത്തേപുര്‍ സ്വദേശിനി പ്രഭയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ഹിമാന്‍ഷു അറസ്റ്റിലായി.
പ്രഭയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുകയായ 50 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ഹിമാന്‍ഷുവിന്റെ നീക്കം. സുപി എന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് പഌറ്റ്‌ഫോമിന് അടിമയായിരുന്നു ഹിമാന്‍ഷു. ഗെയിം കളിക്കുന്നതിനായി ഇയാള്‍ വലിയൊരു തുക പലരില്‍ നിന്നായി കടം വാങ്ങിയിരുന്നു. ഇത്തരത്തില്‍ കടം നാല് ലക്ഷത്തോളമായി. തുടര്‍ന്നാണ് കടം വീട്ടാനായി ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ ഇയാള്‍ തീരുമാനിക്കുന്നത്.
ഇതിനായി ആദ്യം ഹിമാന്‍ഷു ബന്ധുവിന്റെ സ്വര്‍ണാഭരണങ്ങള്‍ കവരുകയും ഇത് വിറ്റുകിട്ടിയ പണം ഉപയോഗിച്ച് മാതാപിതാക്കളുടെ പേരില്‍ 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസി ആരംഭിക്കുകയും ചെയ്തു. ശേഷം വീട്ടില്‍ പിതാവില്ലാതിരുന്ന സമയത്ത് മാതാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മൃതദേഹം ചാക്കിലാക്കി യമുന നദിയില്‍ ഉപേക്ഷിക്കുകയും ചെയ്തു.
ഹിമാന്‍ഷുവിന്റെ പിതാവ് തിരികെയെത്തിയപ്പോള്‍ ഭാര്യയെയും മകനെയും തിരക്കിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഹിമാന്‍ഷു നദിക്കരയില്‍ ട്രാക്ടറില്‍ ഇരിക്കുന്നത് കണ്ടതായി ഒരു അയല്‍ക്കാരനാണ് അറിയിച്ചത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയും പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പ്രഭയുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെടുക്കുകയുമായിരുന്നു. ഓണ്‍ലൈന്‍ ഗെയിമില്‍ നിന്നുള്ള കടം വീട്ടാനായി മാതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹിമാന്‍ഷു പൊലീസിനോട് സമ്മതിച്ചു.
